കേസിലെ ദിലീപ് ഉൾപ്പെട്ട ക്രിമിനൽ ഗൂഢാലോചന വീണ്ടും അന്വേഷിക്കണമെന്നും അസഫലി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണമല്ല പകരം പുനരന്വേഷണമാണ് വേണ്ടതെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി. കേസിലെ ദിലീപ് ഉൾപ്പെട്ട ക്രിമിനൽ ഗൂഢാലോചന വീണ്ടും അന്വേഷിക്കണമെന്നും അസഫലി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാനാകാത്തതാണ് ഈ കേസ്. നടൻ ദൃശ്യങ്ങൾ നേരിട്ട് കണ്ടെന്ന് പറയുന്നത് വലിയ വെളിപ്പെടുത്തലാണ്. നടന്റെ ക്രിമിനൽ ഗൂഢാലോചനയാണ് പുറത്ത് വന്നതെന്നും പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, നടൻ ദിലീപിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന പൂർത്തിയായി. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ വീട്ടിൽ നിന്നും ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോണടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടന്നത്.
കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് പരിശോധന നടന്നതെന്നാണ് എഡിജിപിയുടെ വിശദീകരണം. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ശ്രീജിത്ത് അറിയിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
