വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്.

തിരുവനന്തപുരം: ദില്ലി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുട‍ച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അനഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്.

ഉപാധികളോടെയാണ് ടി ജി മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാലാണ് കോടതിയുടെ തീരുമാനം നിര്‍ണായകമായത്.