യോഗം ലോകായുക്തയെ വരുതിയിൽ ആക്കാനല്ല. ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയനാണെന്നുമാണ് രമേശ് ചെന്നിത്തല നൽകുന്ന മറുപടി.

തിരുവനന്തപുരം: ലോകായുക്ത യോഗം സംബന്ധിച്ച് പിണറായി വിജയന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോകായുക്ത ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേർന്നത്. ലോകയുക്തയുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു യോഗം ചേർന്നത്. ഭരണ പരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു യോഗം. വി എസിന്റെയും ഉമ്മൻ ചാണ്ടിയുടെയും കാലത്തു ഇത്തരം യോഗം ചേർന്നിരുന്നു. യോഗം ലോകായുക്തയെ വരുതിയിൽ ആക്കാനല്ല. ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയനാണെന്നുമാണ് രമേശ് ചെന്നിത്തല നൽകുന്ന മറുപടി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നും പിണറായി വിജയൻ വിമർശിച്ചിരുന്നു.

ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താൻ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആ യോഗം. കാരണം സര്‍ക്കാരില്‍ നിന്നും അടിയന്തിരമായി ചില ഇടപടെലുകള്‍ വേണമെന്നും അവര്‍ക്ക് ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ ഇത് അത്യാവശ്യമാണെന്നും ലോകായുക്ത ഔദ്യോഗികമായി ആവശ്യപ്പെട്ടതിനുസരിച്ചാണ് ഈ യോഗം നടന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ബഹുമാനപ്പെട്ട പിണറായി വിജയന്‍ കണ്ണടച്ചു ഇരുട്ടാക്കിയാല്‍ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂവെന്നും രമേശ് ചെന്നിത്തല മറുപടിയിൽ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം