തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അവധി ഒഴിവാക്കി സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി ജോലിക്കെത്തണമെന്നും ജീവനക്കാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. മിന്നല്‍ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. കനത്ത നാശം വിതച്ച വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

മഴക്കെടുതിയില്‍ ഇന്ന് 21 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചനകള്‍. 

ഉരുൾപൊട്ടി വൻ ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലേക്ക് അടിയന്തരമായി എത്തിച്ചേരാൻ എൻഡിആര്‍എഫ് സംഘത്തിന് റവന്യു മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉരുൾപ്പൊട്ടലുണ്ടായി ഒരു പ്രദേശമാകെ ഒലിച്ചുപോയ നിലയിലാണ് കവളപ്പാറ പ്രദേശം ഇപ്പോഴുള്ളത്. ഏഴുപതോളം വീടുകളുണ്ടായിരുന്ന പ്രദേശത്ത് മുപ്പത് വീടുകളെങ്കിലും മണ്ണിനടിയിൽ ആയ അവസ്ഥയാണ്. അമ്പതോളം പേരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. നാല് ദിവസമായി പ്രദേശത്ത് മഴ തുടരുകയാണ്. 

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.