തൃശ്ശൂര്‍: തൃശ്ശൂരിൽ എക്സ്സൈസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ . പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.  മരിച്ച കഞ്ചാവ് കേസ് പ്രതി രഞ്ജിത്ത് കുമാറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആര്‍ഡിഒ യുടെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. 

തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വച്ചാണ് രണ്ടുകിലോ കഞ്ചാവുമായി രഞ്ജിത്ത് പിടിയിലായത്. അപസ്‍മാരത്തെ തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ആശുപത്രിയിൽ എത്തുമ്പോൾ മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടർ പറയുന്നു. സംഭവത്തിൽ ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.