എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയാണ് വിമർശനം. അമേഠിയിൽ സ്ഥിരമായി ജയിക്കുമെന്ന് രാഹുൽ ധരിച്ചു. ഒടുവിൽ സ്മൃതി ഇറാനി ജയിച്ച്, വയനാട്ടിലേക്ക് വരേണ്ടി വന്നു - ടി പത്മനാഭൻ പരിഹസിക്കുന്നു. 

കൊച്ചി: ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സാഹിത്യകാരൻ ടി പത്മനാഭൻ. കോൺഗ്രസിന്‍റെ പരാജയകാരണം കോൺഗ്രസുകാർ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭൻ പറയുന്നു. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങിയതാണ് തോൽവികൾക്ക് പിന്നാലെയുള്ള തോൽവികൾക്ക് കാരണമെന്നും ടി പത്മനാഭൻ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയാണ് വിമർശനം. പോൾ പി മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണകേന്ദ്രത്തിന്‍റെയും ഉദ്ഘാടനമായിരുന്നു വേദി. 

അമേഠിയിൽ സ്ഥിരമായി ജയിക്കുമെന്ന് രാഹുൽ ധരിച്ചു. ഒടുവിൽ സ്മൃതി ഇറാനി അവിടെ ജയിച്ച്, രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. റോബർട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇനി വദ്ര വരാത്ത കുറവേ കോൺഗ്രസിനുള്ളൂ - ടി പത്മനാഭൻ പരിഹസിക്കുന്നു. 

''ആർത്തിയും ദുരാർത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. രണ്ട് സീറ്റാ സാർ കിട്ടിയത്. രാഹുൽ ഗാന്ധിജി തോറ്റത്, സ്ഥിരമായി അമേഠി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. സ്മൃതി ഇറാനിയുടെ ആരാധകനല്ല ഞാൻ. ആവുകയുമില്ല. ഒരു കാര്യത്തിൽ അവരോട് ഞാൻ ഹാറ്റ്‍സ് ഓഫ് പറയുന്നു. തോറ്റ ശേഷം സ്ഥിരമായി അവരാ മണ്ഡലത്തിൽ പോയി. അവിടെ പ്രവർത്തിച്ചു. രാഹുലോ, അഞ്ച് വർഷത്തിന് ശേഷമാണ് പിന്നെ അവിടെ പോയത്'', ടി പത്മനാഭൻ. 

1940 മുതൽ താൻ കോൺഗ്രസുകാരനാണെന്ന് ടി പത്മനാഭൻ പറയുന്നു. തൊണ്ണൂറ്റി മൂന്നാം വയസ്സിലും താൻ ഗാന്ധിയനായി, കോൺഗ്രസുകാരനായി തുടരുന്നു. 1943 മുതൽ താൻ ഖദർ ധരിക്കുന്നു. ഇപ്പോഴും ഖദർ ധരിക്കുന്നത് തുടരുന്നു. ഏത് ലോകരാജ്യത്ത് പോയാലും താൻ ഖദർ മാത്രമേ ധരിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യത്തിന് ശേഷം സജീവരാഷ്ട്രീയത്തിലില്ല താനെന്നും അധികാരരാഷ്ട്രീയത്തിലേക്ക് ഒരിക്കലും വരാനാഗ്രഹിക്കുകയോ താത്പര്യം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും ടി പത്മനാഭൻ പറയുന്നു. അധികാരത്തോടുള്ള ചിലരുടെ താത്പര്യമാണ് പാർട്ടിയെ തകർക്കുന്നതെന്നും ടി പത്മനാഭൻ. 

ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാശി രാംനഗറിലെ വീട് സന്ദർശിച്ചതിനെക്കുറിച്ച് ടി പത്മനാഭൻ ഓർത്തു. കാശി രാജാവിന്‍റെ കൊട്ടാരത്തിനടുത്തുള്ള ഒരു ചെറുവീടാണ് ശാസ്ത്രിയുടേത്. ആ വീട് നടന്ന് കണ്ട ശേഷം, തൊട്ടടുത്തുള്ള ലസ്സി കടയിൽ കയറി ലാൽ ബഹാദൂർ ശാസ്ത്രിയെക്കുറിച്ച് ചോദിച്ചപ്പോൾ കടക്കാരൻ ശാസ്ത്രിയെക്കുറിച്ചും, കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം കൃത്യമായി പറഞ്ഞുതന്നു. അതെങ്ങനെ ഇത്ര കൃത്യമായി താങ്കൾക്കറിയാം എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, ''ഞാനദ്ദേഹത്തിന്‍റെ അനുജനാണ്''. ഇപ്പോഴുമത് ഓർക്കുമ്പോൾ എന്‍റെ രോമം എഴുന്നു നിൽക്കുന്നു - ടി പത്മനാഭൻ പറയുന്നു. 

ലാളിത്യത്തിന്‍റെ ആൾരൂപങ്ങളായിരുന്നു പണ്ടത്തെ കോൺഗ്രസ് നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ എന്താകും ഇനി കോൺഗ്രസിന്‍റെ ഭാവി എന്നെന്നോട് ചോദിച്ചു. ഇങ്ങനെ പോയാൽ കോൺഗ്രസ് രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമായിരിക്കും എന്ന് ഞാൻ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിന്‍റെ ഔദ്യോഗികയോഗങ്ങളിൽ പലതിലും ഞാൻ പങ്കെടുത്തിരുന്നു. എല്ലാ വേദികളിലും ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. 'കോൺഗ്രസ് മുക്തഭാരതം' എന്ന് കൃത്യമായി കോൺഗ്രസിതര പാർട്ടികൾ പറയുന്നത്, കൃത്യമായി നെഗറ്റീവ് പ്രചാരണരീതിയാണ്. കോൺഗ്രസിനെ തോൽപിക്കാൻ ആർക്കും കഴിയില്ല. പക്ഷേ കോൺഗ്രസുകാർ തന്നെ വിചാരിച്ചാൽ അവർക്ക് ഇവിടെ നിന്ന് കോൺഗ്രസിനെ തൂത്തുതുടച്ച് ഇല്ലാതാക്കാൻ കഴിയും - ടി പത്മനാഭൻ പറയുന്നു.