കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. മുല്ലപ്പള്ളിയെ അധിക്ഷേപിക്കാൻ സിപിഎമ്മിന് എന്ത് ധാർമികതയാണുള്ളതെന്ന് സിദ്ദിഖ് ചോദിച്ചു. കെപിസിസി പ്രസിഡന്‍റിന്‍റെ ജോലി ജനവിരുദ്ധ സർക്കാരിന് മംഗളപത്രം ഓതലല്ല. രാജകുമാരി, റാണി എന്നീ വാക്കുകൾ അസഭ്യ വാക്കാണോയെന്നും സിദ്ദിഖ് ചോദ്യമുന്നയിച്ചു.

സിപിഎമ്മിലെ നേതാക്കന്മാരുടെ സംസാര ഗുണമറിയാൻ കെ കെ രമയോടോ ലതിക സുഭാഷിനോട് ചോദിച്ചാല്‍ മതി. അഭിസാരിക എന്ന വാക്ക് പ്രയോഗിച്ചത് വി എസ് അച്ഛുതാനന്ദനാണ്.  നിപാ സമയത്ത് ലിനിയുടെ വീട്ടില്‍ ആദ്യമെത്തിയത് താനായിരുന്നു. മന്ത്രി ടി പി രാമകൃഷ്ൺ എത്തുന്നതിന് മുൻപ് തന്നെ എത്തിയിരുന്നു. അവിടെ വച്ചാണ് ജിതേഷ് മുതുകാട് മുല്ലപ്പള്ളിയെ വിളിച്ച് സജീഷിന് കൈമാറിയത്.

സജീഷിന്‍റെ ഓർമ കമ്യൂണിസ്റ്റ് പാർട്ടിക്ക് പണയപ്പെടുത്തിയതാണ്. അങ്ങനെ  പണയപ്പെടുത്തിയതാണെങ്കിൽ സഹതാപം മാത്രമാണുള്ളത്. ലിനി ഉയർത്തിപ്പിടിച്ച ധാർമ്മികത സജീഷ് മറക്കരുത്. രക്തസാക്ഷിയായ ലിനിയെ ഇതിലേക്ക് വലിച്ചിഴച്ചത് ദയനീയമാണെന്നും സിദ്ദിഖ് പറഞ്ഞു.  സജീഷ് രാഷ്ട്രീയ പ്രസ്താവന നടത്തുമ്പോൾ കോൺഗ്രസിന് മിണ്ടാതിരിക്കാനാവില്ല. നിപാ ബാധിച്ച് ആദ്യ രോഗിയായ സാബിത്ത് മരിച്ചപ്പോൾ തന്നെ താൻ ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

അന്ന് തന്നെ ടെസ്റ്റ് നടത്തി രോഗം കണ്ടു പിടിച്ചിരുന്നെങ്കിൽ ഇത്ര പേർ മരിക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുല്ലപ്പള്ളിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഈ വിഷയങ്ങളില്‍ ഉയരുന്നത്. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരെ സമരം നടത്തിയതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.

ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.  ലിനിയുടെ ജീവത്യാഗം കണ്ണീരോടെയാണ് ലോകം കണ്ടത്. ലോകം ആദരിക്കുന്ന പോരാളിയാണ് ലിനി. നിപ്പക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാണ് ആ സഹോദരി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.