തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ തർക്കഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഈ ഭൂമി മരിച്ച രാജൻ കയ്യേറിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിയൊഴിപ്പിക്കലിനിടെ രാജൻ -അമ്പിളി ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ ഭൂമിയെ കുറിച്ചുള്ള തർക്കങ്ങൾക്കിടെയാണ് തഹസിൽദാറുടെ നിർണ്ണായക റിപ്പോർട്ട്. വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും തഹസിൽദാറിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 

2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നും പണം നൽകിയാണ് വസന്ത ഭൂമി വാങ്ങിയത്. ഈ മൂന്ന് സെന്‍റ് ഭൂമി രാജൻ കയ്യേറി ഷെഡ് കെട്ടിയതെന്നാണ് കണ്ടെത്തൽ. 40 വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പ‍ഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ കണ്ടെത്തൽ. 

പട്ടയഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് സർക്കാർ ഒന്നിലധികം ഉത്തരവിറക്കിയിട്ടുണ്ട്. ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാാങ്ങിയത് നിയമാനുസൃതമാണോഎന്ന് സർക്കാർ പരിശോധിക്കണമെന്നാണ് തഹസിൽദാറിന്‍റെ ശുപാർശ. ഇതേ തുടർന്നാണ് ഇക്കാര്യം പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ  ലാന്‍റ് റവന്യൂ കമ്മീഷണറോടാവശ്യപ്പെട്ടത്. കൈയേറിയ ഭൂമിയിൽ തന്നെയാണ് രാജന്‍റെ മക്കള്‍ ഇപ്പോഴും താമസിക്കുന്നത്. ഈ ഭൂമിവേണമെന്നാണ് ഇവരുടെ ആവശ്യം. വസന്തയിൽ നിന്നും ഭൂമി വാങ്ങി രാജന്‍റെ കുട്ടികൾക്ക് നൽകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം.  ഇനി ലാന്‍റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനലാകും ഭൂമി കൈമാറ്റത്തിലെ അന്തിമതീരുമാനം.