Asianet News MalayalamAsianet News Malayalam

കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദനം; അഞ്ചിലേറെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു.

take case against 5 more ksrtc employees brutally beating up the father in front of his daughter
Author
First Published Sep 20, 2022, 5:22 PM IST

തിരുവനന്തുരം:  തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. 

Also Read: 'മോശം പെരുമാറ്റം, മര്‍ദ്ദിക്കാന്‍ ശ്രമം', വനിതാ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എതിരെ പരാതി

ഉപദ്രവിക്കരുതെന്ന് മകൾ കരഞ്ഞ് പറ‍ഞ്ഞിട്ടും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്റ്റേഷൻ മാസ്റ്റർ ഷാജു ലോറൻസിന്‍റെ ഒഴുക്കൻ മറുപടി. ഗതാഗമന്ത്രിയുടെ നിർദ്ദേശാനുസരണം കെഎസ്ആർടിസി വിജിലൻസ് സംഘം പ്രേമനന്റെ മൊഴിയെടുത്തു. പ്രേമനൻ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസിലിനോടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദ്ദേശം നല്‍കിയത്.

Follow Us:
Download App:
  • android
  • ios