പാലക്കാട് ജില്ലക്ക് വേണ്ടിയുള്ള തമിഴ് മലയാളം എൽഡിസിയുടെ പി എസ് സിയുടെ റാങ്ക് പട്ടിക 2022 ഫെബ്രുവരി 25 നാണ് പി എസ് സി പുറത്തുവിടുന്നത്.
പാലക്കാട്: പാലക്കാട് ജില്ലയിലെ തമിഴ് മലയാളം എൽഡിസി ക്ലർക്കുമാരുടെ റാങ്ക് പട്ടിക അട്ടിമറിച്ചെന്ന് ആരോപണം. 2022 ഫെബ്രുവരി 5ന് ഇറങ്ങിയ 75 പേരുള്ള പട്ടികയിൽ നിന്ന് 42 ഒഴിവാക്കി, പുതുതായി അത്രയും പേരെ ഉൾപ്പെടുത്തിയെന്നാണ് പരാതി. ലിസ്റ്റ് പരിഷ്കരിച്ചപ്പോൾ നിയമന ശുപാർശ ലഭിച്ചവർ വരെ പട്ടികയ്ക്ക് പുറത്തായി. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ പോലും പി എസ് സി കഴിയുന്നില്ല എന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
പാലക്കാട് ജില്ലക്ക് വേണ്ടിയുള്ള തമിഴ് മലയാളം എൽഡിസിയുടെ പി എസ് സിയുടെ റാങ്ക് പട്ടിക 2022 ഫെബ്രുവരി 25 നാണ് പി എസ് സി പുറത്തുവിടുന്നത്. ആ പട്ടികയിൽ നിന്ന് ഏകദേശം 26ഓളം പേർ അഡ്‍വൈസ് മെമ്മോ പോയി. ചിലരൊക്കെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷേ ഈ കഴിഞ്ഞ മാസം ജനുവരി 28നോ മറ്റോ ഒരുദിവസം പെട്ടെന്ന് ഈ പട്ടിക പരിഷ്കരിച്ചു. പരിഷ്കരിച്ചപ്പോൾ 42ഓളം പേർ പ്രധാന പട്ടികയിൽ നിന്ന് മെയിൻ ലിസ്റ്റിൽ നിന്ന് പുറത്തായി. അതിൽ അഡ്‍വൈസ് മെമ്മോ കിട്ടി ജോലിയിൽ പ്രവേശിച്ചവർ വരെയുണ്ട്.
ഇവരിൽ 10 പേരോളം അഡ്‍വൈസ് ലഭിച്ച് പല ഡിപ്പാർട്ട്മെന്റുകളിലായി സേവനം അനുഷ്ഠിക്കുന്നവരാണെന്ന് ഉദ്യോഗാർത്ഥിയായ ഉഷ പറഞ്ഞു. അവർ പുതുതായി വന്ന പട്ടികയിൽ ഇടം നേടിയിട്ടില്ല. അവരുടെ ജോലി സാധ്യത പോലും ആശങ്കാജനകമായി നിലനിൽക്കുകയാണെന്നും ഉഷയുടെ വാക്കുകൾ.
പട്ടികയിലുൾപ്പെട്ട ചിലർ മറ്റ് സർവ്വീസിൽ നിന്ന് രാജി വെച്ച് ഈ ജോലിയിലേക്ക് പ്രവേശിച്ചവരാണ്. അവരുടെ ഭാവി പോലും ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. ആദ്യ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി പി എസ് സിയാണ്. അല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജോലിയുടെ അരികിലെത്തിയ ഈ ഉദ്യോഗാർത്ഥികളല്ല.
