ബിജെപി കോയമ്പത്തൂര്‍ സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്

ചെന്നൈ: തമിഴ്നാട്ടിൽ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചു. മധുരയിൽ സിറ്റിങ് എംപി സു.വെങ്കിടെശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ സ്ഥാനാർഥിയാവും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനുള്ളിൽ നടക്കും. സംസ്ഥാനത്ത് കൊയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഎം മത്സരിക്കുന്നത്. കോയമ്പത്തൂര്‍ സീറ്റിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. എന്നാൽ തുടര്‍ ചര്‍ച്ചകൾക്ക് ശേഷമാണ് ഡിഎംകെ കോയമ്പത്തൂര്‍ സീറ്റ് ഏറ്റെടുത്തത്. ബിജെപി കോയമ്പത്തൂര്‍ സീറ്റിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ തയ്യാറെടുത്ത സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ഡിഎംകെ തിരിച്ചെടുത്തത്. പകരം ദിണ്ടിഗൽ സീറ്റ് നൽകുകയായിരുന്നു. സിപിഎമ്മിനും ഇടത് പാര്‍ട്ടികൾക്കും മെച്ചപ്പെട്ട സ്വാധീനമുള്ള ദിണ്ടിഗലിൽ ഡിഎംകെ പിന്തുണയോടെ ജയിക്കാനാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മധുരയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ഡിഎംകെ പിന്തുണയിൽ ജയസാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്