തിരുവനന്തപുരം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നോട്ടീസിനുള്ള മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതികളിലൊരാളുടെ സഹോദരനെ മുസ്ലിം ലീഗ് പ്രവർത്തകർ നേരത്തെ ആക്രമിച്ചിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

കേസിൽ ശരിയായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. നിയമസഭ നിർത്തിവച്ച് ചർച്ചചെയ്യേണ്ട ആവശ്യം ഇതിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിച്ചില്ലെന്ന് ഇതിനുള്ള മറുപടിയിൽ എംകെ മുനീർ എംഎൽഎ കുറ്റപ്പെടുത്തി.

കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമികൾ ഉപയോഗിച്ച രണ്ട് വാളുകൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ തന്നെയാണ് ആയുധങ്ങൾ പൊലീസിന് കാണിച്ചുകൊടുത്തത്. ഇന്ന് രാവിലെ നടത്തിയ തെളിവെടുപ്പിനിടയിലാണ് വാളുകൾ കണ്ടെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന്‌ സമീപത്തു വച്ച് വെട്ടേറ്റ ഇസഹാക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.ഒമ്പത് പ്രതികളുള്ള കേസിൽ നിലവിൽ മൂന്ന് പേരെയാണ് പിടി കൂടിയിട്ടുള്ളത്. അബ്ദുൾ മുഫീസ്, മഷൂദ്, താഹമോൻ എന്നിവരാണ് പിടിയിലായ പ്രതികൾ.പ്രതികളെല്ലാം സിപിഐഎം പ്രവർത്തകരാണ്.

മാസങ്ങൾക്ക് മുൻപ് അഞ്ചുടിയിൽ ‍ഡിവൈഎഫ്ഐ പ്രവർത്തകനായ ഷംസുദ്ദീന് വെട്ടേറ്റിരുന്നു. ഇസഹാഖ് അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരാണ് ഈ അക്രമത്തിന് പിന്നിലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിൽ ഇസഹാഖിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംസുദ്ദീന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇസഹാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ. പിടിയിലായ മൂന്ന് പേരെയും റിമാന്റ് ചെയ്തു.