മലപ്പുറം: താനൂരിലെ അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികൾ കൂടി പിടിയിൽ. അഞ്ചുടി സ്വദേശികളായ  അഫ്സൽ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്‍റെ പിടിയിലായി.

താനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികള്‍ ഒളിപ്പിച്ച വാൾ കണ്ടെത്തി

കഴിഞ്ഞ ദിവസം സംഘത്തിലുൾപ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ലീഗുകാരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നാണ് നേരത്തെ പിടിയിലായവര്‍ വെളിപ്പെടുത്തിയത്. 

പ്രതികള്‍ കൊലയ്ക്കുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിടിയിലായ ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീറുമായി നടത്തിയ തെളിവെടുപ്പിലാണ് വിറക് പുരയിൽ ഒളിപ്പിച്ച അവസാനത്തെ വാളും കണ്ടെത്തിയത്. കനോലി കനാലിന് സമീപത്തെ പറമ്പിലെ വിറക് പുരയിലായിരുന്നു സ്റ്റീൽ നിർമിത വാൾ.