ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ടാംറിംഗ് ജോലികള്‍ പുരോഗമിക്കുന്നത്. പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും.

കൊച്ചി: നിർമാണത്തിലെ അപാകതകൊണ്ട് വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി. പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂർത്തായാക്കി ഒരാഴ്ചയ്ക്കകം പാലം താല്‍കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും.

ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ടാംറിംഗ് ജോലികള്‍ പുരോഗമിക്കുന്നത്. ടാറിംഗ് പൂർത്തിയാക്കാന്‍ ഒരാഴ്ച സമയം വേണ്ടിവരും. ഡെക്ക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യപ്രകാരം നിർമിച്ച പാലത്തിന്‍റെ എക്സ്പാന്‍ഷന്‍ ജോയിന്‍റുകള്‍ പഴയരീതിയിലേക്ക് മാറ്റുന്ന ജോലിയാണ് അടുത്തത്. ഈ മാസം 30ന് പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂർത്തയാക്കി പാലം തുറന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മഴക്കാലത്തിനുശേഷം ബാക്കിവരുന്ന അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പാലം മൂന്ന് മാസത്തേക്ക് വീണ്ടും അടയ്ക്കാനാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തീരുമാനം. എങ്കിലും മഴക്കാലത്ത് പാലം തുറന്ന് നല്‍കുമെന്നത് നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനിടയില്‍ താല്‍ കാലിക ആശ്വാസമാകും

അതേസമയം പാലം നിർമാണത്തിലെ ക്രമക്കേട് കണ്ടെത്തുന്നതിനായുള്ള വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. പാലത്തിന്‍റെ സാന്പിളുകള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനാലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കയച്ചിരിക്കുയാണ്. ഇതിന്‍റെ ഫലം ബുധനാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ശേഷം ഇതുവരെയുള്ള അന്വേഷണപുരോഗതി ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോർട്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികളില്‍ അന്തിമ തീരുമാനമെടുക്കുക. പാലം നിർമാണസമയത്ത് ചുമതലകളിലുണ്ടായിരുന്ന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥരെയും നിർമാണ കന്പനിയായ ആർഡിഎസിന്‍റെ ഉടമയുടെയുമടക്കം മൊഴി വിജിലന്‍സ്സംഘം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.