ദില്ലി: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ കോൺഗ്രസിലെ കൂട്ടായ നേതൃത്വം നയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ഇപ്പോൾ പറയാനാകില്ല. കേരളത്തിൽ ചില മാറ്റങ്ങൾ അത്യാവശ്യമാണ്. അതിനെക്കുറിച്ചുള്ള ചില ശുപാർശകൾ ഹൈക്കമാൻഡിന് നൽകിയിട്ടുണ്ടെന്നും സോണിയാഗാന്ധിയിൽ നിന്ന് ഉടൻ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും പിന്നാലെ  രാഷ്ട്രീയ വിവാദങ്ങളിലുമുള്ള പ്രാഥമിക നിരീക്ഷണം താരിഖ് അൻവർ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തി കോൺഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും കണ്ട അദ്ദേഹം വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തും. കോൺഗ്രസിന്റെ താഴേത്തട്ടിലെ പുനസംഘടനയും  പോഷകസംഘടനകളുടെ മാറ്റവും ചർച്ച ചെയ്യും. മടങ്ങി ദില്ലിയിലെത്തിയ ശേഷം വിശദ റിപ്പോർട്ട് കൈമാറും.

സംസ്ഥാനത്ത് ഇന്നത്തെ നിലയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുക്കണം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് ഒഴിവാക്കണം. എന്നാൽ കെപിസിസി അദ്ധ്യക്ഷ മാറ്റം പ്രാഥമിക റിപ്പോർട്ടിലില്ല.