Asianet News MalayalamAsianet News Malayalam

'ഉമ്മൻ ചാണ്ടി മുതിർന്ന നേതാവ്, എവിടെയും മത്സരിക്കാം', ഹൈക്കമാൻഡ് ഇടപെടില്ലെന്ന് താരീഖ് അൻവർ

നേമത്ത് മത്സരിക്കണോ എന്നതിൽ എഐസിസിയിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചു.

tariq anwar response on nemam oommen chandy candidate
Author
Thiruvananthapuram, First Published Jan 31, 2021, 6:11 PM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേമത്തെ സ്ഥാനാർത്ഥിത്വത്തിൽ ഉയർന്ന ചർച്ചകൾ കെട്ടടങ്ങുന്നില്ല. നേമത്ത് മത്സരിക്കണോ എന്നതിൽ എഐസിസിയിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവർ പ്രതികരിച്ചു. മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടി എവിടെ മത്സരിക്കുന്നു എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഉമ്മൻ ചാണ്ടിയുടെ നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്നും അത് തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം കോൺഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്‍റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നതായാണ് വാർത്തകളുയർന്നത്. 

ഉമ്മൻ ചാണ്ടി എവിടെ നിന്ന് മത്സരിച്ചാലും വിജയിക്കുമെന്നായിരുന്നു ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആദ്യ പ്രതികരണം. എന്നാൽ ഉമ്മൻചാണ്ടി തന്നെ തന്റെ നേമത്തെ സ്ഥാനാർത്ഥിത്വം നിഷേധിച്ച് വാർത്താക്കുറിപ്പ് ഇറക്കി. താൻ പുതുപ്പള്ളി വിട്ടെങ്ങോട്ടുമില്ലെന്നും ആജീവനാന്തം അതില്‍  മാറ്റം ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേമത്ത് തന്റെ സ്ഥാനാർത്ഥിത്വം എന്ന ചർച്ച എങ്ങനെ ഉയർന്നെന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോടും പ്രതികരിച്ചു. 

ഇതോടെ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ച‍ർച്ചകൾക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയില്ലെന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്നും മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രനും മലക്കം മറിഞ്ഞു. 

<

Follow Us:
Download App:
  • android
  • ios