11:08 PM (IST) May 15

കനത്ത മഴ; ഇടുക്കിയില്‍ 205 ഹെക്ടര്‍ കൃഷി നശിച്ചു

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും 205 ഹെക്ടർ കൃഷി നശിച്ചതായി പ്രാഥമിക കണക്ക്. 17 വീടുകൾ പൂർണമായും 258 വീടുകൾ ഭാഗികമായും തകർന്നു

11:07 PM (IST) May 15

മം​ഗലൂരു ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

മം​ഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

10:16 PM (IST) May 15

ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഒന്‍പത് പേരെന്ന് സ്ഥിരീകരണം

ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ ഒന്‍പതുപേര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാ​ഗപട്ടണം സ്വദേശികളെയും രണ്ട് ഉത്തരേന്ത്യക്കാരെയും ആണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടി. കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. തിരച്ചില്‍ ഊർജ്ജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടു. 

09:40 PM (IST) May 15

മലങ്കര അണക്കെട്ട് പൂ‍ർണായി നാളെ തുറക്കും

മലങ്കര അണക്കെട്ട് പൂ‍ർണ്ണമായി നാളെ തുറക്കും. ആറ് ഷട്ടറുകളും നാളെ രാവിലെ ആറ് മണിക്ക് തുറന്നുവിടും. നിലവിൽ 3 ഷട്ടറുകൾ 80 സെന്‍റിമീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ബാക്കി മൂന്ന് ഷട്ടറുകൾ നാളെ 50 സെന്‍റിമീറ്റർ വീതം ഉയർത്തും. തൊടുപുഴ, മൂവാറ്റുപുഴ ആറുകൾക്ക് ഇരുവശവുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി.

09:39 PM (IST) May 15

പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വെള്ളം ഒഴുക്കി വിടുന്നതിന്‍റെ പ്രാരംഭ നടപടിയുടെ ഭാഗമായാണ് ബ്ലൂ അലർട്ട്.നിലവിൽ 417 മീറ്റർ ആണ് ജലനിരപ്പ്. 419.41 ആയൽ മാത്രമാണ് ജലം പുറത്തേയ്ക്ക് ഒഴുക്കുക.

08:45 PM (IST) May 15

മംഗളൂരുവില്‍ നിന്നുപോയ ബോട്ട് മുങ്ങി; ഏഴുപേരെ കാണാനില്ല

മംഗളൂരുവിൽ നിന്ന് പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി പോയ ബോട്ട് മുങ്ങി ഏഴുപേരെ കാണാതായി. രണ്ടുപേർ ഉഡുപ്പിയിൽ തീരത്തെത്തി രക്ഷപ്പെട്ടു. ഉഡുപ്പിയിൽ കനത്ത കാറ്റിലും മഴയിലും തകർന്ന് വീണ പോസ്റ്റിൽ നിന്നും ഷോക്കടിച്ച് 51 കാരൻ മരിച്ചു. നിരവധി പേരെ മാറ്റി പാർപ്പിച്ചു.

08:11 PM (IST) May 15

40 കി.മി വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

07:50 PM (IST) May 15

മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ ഉയർത്തി

പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ 30 സെൻ്റീമീറ്റർ ഉയർത്തി. പമ്പയാറിൻ്റേയും കക്കാട്ടാറിൻ്റെയും തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടത്തിൻ്റെ ജാഗ്രത നിർദേശം നല്‍കി.വൃഷ്ടിപ്രദേശത്ത് മഴ ശക്തമായാൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തും.

07:02 PM (IST) May 15

വയനാട്ടിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു. ജില്ലാ കളക്ടറേറ്റിലും ബത്തേരി മാനന്തവാടി വൈത്തിരി താലൂക്കുകളിലുമാണ് കൺട്രോൾ റൂമുകൾ തുറന്നിരിക്കുന്നത്.

06:26 PM (IST) May 15

പ്രളയ മുന്നറിയിപ്പ്: വലിയ ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി

മണിമലയാർ അച്ഛൻ കോവിലാർ എന്നിവടിങ്ങളിൽ കേന്ദ്ര ജല കമീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വലിയ ഭീതി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

06:24 PM (IST) May 15

2 ദിവസം: കേരളത്തിൽ 145.5 മില്ലി മീറ്റർ മഴ

കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ കേരളത്തിൽ രേഖപ്പെടുത്തിയ ശരാശരി മഴ 145.5 മില്ലി മീറ്റർ ആണ്

05:34 PM (IST) May 15

ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളില്‍ കൺട്രോൾ റൂമുകൾ തുറന്നു

മഴ രൂക്ഷമായ സാഹചര്യത്തിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ: ഇരിട്ടി -.0490 2494910 ,തളിപറമ്പ്-.0460 2202569.

05:30 PM (IST) May 15

തൃശ്ശൂരില്‍ തീരപ്രദേശങ്ങളിൽ ശക്തമായ മഴ

തൃശ്ശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ. ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ 500 ഓളം വീടുകളിൽ വെള്ളം കയറി.
മൂന്ന് വീടുകൾ പൂർണ്ണമായും തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. 130 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കൊടുങ്ങല്ലൂർ മേഖലയിൽ ആറു ക്യാമ്പുകൾ. എറിയാട് കൊവിഡ് സെന്‍റര്‍ തുറന്നു. ക്യാമ്പുകളിൽ എത്തുന്നവരിൽ പോസിറ്റീവ് ആയവരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റി.

05:27 PM (IST) May 15

മൂന്നാർ ഹെഡ് വർക്സ് ഡാം തുറക്കും

മൂന്നാർ ഹെഡ് വർക്സ് ഡാം തുറക്കും. മുതിരപുഴയാറിന് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം അറിയിച്ചു.

05:23 PM (IST) May 15

ചിത്തിരപുരത്ത് ഷോക്കേറ്റ് ഒരാൾ മരിച്ചു

ഇടുക്കി ചിത്തിരപുരത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ (54) ആണ് മരിച്ചത്ഭാര്യവീട്ടിലെത്തിയ സൗന്ദരരാജൻ കടയിൽ പോകുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടുകയായിരുന്നു.

05:08 PM (IST) May 15

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി

ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ടുപേര്‍ അപകടത്തിൽപെട്ടതായി സൂചന. മുരുഗൻ തുണൈ എന്ന് പേരുള്ള തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യ ബന്ധന ബോട്ടാണ് ശക്തമായ കാറ്റിൽ മുങ്ങിയത്. ബോട്ടിൽ ഉണ്ടായിരുന്നത് നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാലുപേർ വീതമാണ്. കോസ്റ്റ്ഗാർഡ് തെരച്ചിൽ നടത്തുന്നു.

04:47 PM (IST) May 15

കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭം ശക്തം

കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭം ശക്തം. മുപ്പതോളം വീടുകളിൽ കടൽവെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ നടപടി തുടങ്ങി.

04:36 PM (IST) May 15

കാനായി മീൻകുഴി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു.

പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനാലാണ് ഷട്ടർ തുറന്നത്. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത സ്ഥലം സന്ദർശിച്ചു.

04:17 PM (IST) May 15

ടൗട്ടെ ഗുജറാത്തിൽ കരതൊടും

'ടൗട്ടെ' ചുഴലിക്കാറ്റ് മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ പരമാവധി 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

04:14 PM (IST) May 15

ഉത്തര കന്നഡ , ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത മഴ

ചുഴലിക്കാറ്റ് പ്രഭാവത്തിൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത മഴ. ശക്തമായ കാറ്റ്. പുതിയ അറിയിപ്പ് പ്രകാരം കർണാടകത്തിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രമാണ്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളിലാണ് കനത്ത ജാഗ്രത മുന്നറിയിപ്പ്.