വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചെന്ന വിവാദത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ജവാൻ നിർമ്മാണം കുറഞ്ഞത് കെടുകാര്യസ്ഥത മൂലമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വിവാദത്തിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എം. ലിജു. നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജവാൻ നിർമ്മാണം കുറഞ്ഞത് കെടുകാര്യസ്ഥതയുടെ ഫലമാണെന്നും ഇക്കാര്യത്തിൽ ട്രാവൻകൂർ ഷുഗേഴ്സിന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജവാൻ നിർമാണം തടസപ്പെട്ടത് കെടുകാര്യസ്ഥതയാണ്. കുപ്പികളുടെ കുറവാണ് പ്രധാന കാരണം. സർക്കാരിനെ കാര്യങ്ങൾ അറിയിച്ചില്ല.
കുറ്റക്കാർക്കെതിരെ നടപടി എടുക്കും. ജവാൻ നിർമാണം ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മിന്നൽ മാജിക്ക് എന്ന ബ്രാന്റിന്റെ ഉൽപാദനം വേണമോ എന്ന കാര്യം തീരുമാനിക്കും. പുതിയ മിഷിനറികൾ 17 കോടി ചെലവിട്ട് മുൻ സർക്കാർ സ്ഥാപിച്ചു. ഉൽപാദിപിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല. മുൻ സർക്കാരിന്റെ തീരുമാനമാണ് പുതിയ ബ്രാണ്ടി. ബ്രാണ്ടി നിർമിക്കാൻ ആവശ്യമായ യന്ത്രങ്ങൾ എത്തിയെങ്കിലും നിർമാണം തുടങ്ങുന്നത് ഒന്നുകൂടി ആലോചിച്ച ശേഷം മാത്രമെന്നും എം ലിജു പറഞ്ഞു.
വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്. കാര്‍ഷിക വിളകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.
