Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ സമരം പിൻവലിച്ച് ടിഡിഎസ്

പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു.

TDS called off strike over 12 hour single duty in ksrtc
Author
First Published Sep 30, 2022, 6:48 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിഡിഎസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്   പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെഎസ്ആർടിസി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു കെഎസ്ആർടിസി മാനേജ്മെന്‍റെ മുന്നറിയിപ്പ്.

സമരം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നും മന്ത്രി പറഞ്ഞു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ലെന്നും മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios