തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ദേവസ്വം ബോർഡിന് കീഴിലെ വാമനപുരം ഡിബിഎച്ച്എസിലെ അധ്യാപകൻ സി എസ് ആദർശിനെയാണ് സസ്‌പെന്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് സി എസ് ആദർശ്.

ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചായിരുന്നു കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാ​ഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിൽ ചെരുപ്പ് മാല അണിയിച്ച സംഭവത്തിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ. സ്കൂളിന്റെ സമാധാനപരമായ അന്തരീക്ഷവും അച്ചടക്കവും ലംഘിച്ചതിന് ഇതിന് മുമ്പ് ഇയാൾക്ക് പ്രധാനാധ്യാപകൻ താക്കീത് നൽകുകയും പ്രവർത്തി ആവർത്തിച്ചതിനാൽ മെമ്മോ നൽകുകയും ചെയ്തിരുന്നു.