തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജമെന്ന് അധ്യാപകൻ. തന്‍റെ സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നും യൂണിയൻ മുറിയിൽ കണ്ടത് വ്യാജ സീലാണെന്നും ബോട്ടണി അധ്യാപകൻ ഡോ. എസ് സുബ്രമണ്യൻ പറഞ്ഞു.

കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് കേരള സർവ്വകലാശാലയിലെ യൂണിയൻ മുറിയിൽ നിന്ന് ബോട്ടണി അധ്യാപകന്‍റെ പേരിലുള്ള വ്യാജ സീലും ഉത്തരക്കടലാസുകളും കണ്ടെത്തിയത്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സര്‍വ്വകലാശാല പരീക്ഷയ്ക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് പിടിച്ചെടുത്തത്. 

വര്‍ഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയാണ് ക്ലാസ് മുറിയാക്കാൻ കോളേജ് അക്കാദമിക് കൗണ്‍സിൽ തീരുമാനിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്‍റെയും കത്തിക്കുത്തിന്‍റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.