Asianet News MalayalamAsianet News Malayalam

അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: ഫലം തടഞ്ഞുവച്ച പ്ലസ് വൺ വിദ്യാർത്ഥികൾ ആശങ്കയിൽ

പ്ലസ് വൺ കൊമേഴ്സിലെ രണ്ട് കുട്ടികളുടെ പരീക്ഷ ഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കൂടുതൽ തിരുത്തൽ വരുത്തിയതിനാൽ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ഇപ്പോഴും വിദ്യാഭ്യാസ വകുപ്പ്.

teacher wrote exam students in trouble
Author
Kozhikode, First Published Jun 3, 2019, 7:48 AM IST

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ ഫലം തടഞ്ഞുവച്ച പ്ലസ് വൺ വിദ്യാർത്ഥികൾ ആശങ്കയിൽ. കൊമേഴ്സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ ഫലമാണ് തടഞ്ഞ് വച്ചിരിക്കുന്നത്. ജൂൺ ആറിന് പ്ലസ്ടു ക്ലാസ് തുടങ്ങാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

നീലേശ്വരം സ്കൂളിലെ പ്ലസ്ടു സയൻസ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായും മാറ്റി എഴുതുകയും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഇതിൽ പ്ലസ് വൺ കൊമേഴ്സിലെ രണ്ട് കുട്ടികളുടെ പരീക്ഷ ഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കൂടുതൽ തിരുത്തൽ വരുത്തിയതിനാൽ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ഇപ്പോഴും വിദ്യാഭ്യാസ വകുപ്പ്.

മറ്റ് കുട്ടികളുടെ പരീക്ഷാ ഫലം അധ്യാപകൻ തിരുത്തിയ മാർ‍ക്ക് ഒഴിവാക്കി പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് വണ്ണിലെ രണ്ട് കുട്ടികൾ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതണമെങ്കിൽ പോലും വൈകാതെ ഫലം അറിയേണ്ടതുണ്ട്. പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ കഴിഞ്ഞാണ് നടക്കുക. അതിനു മുന്നേ ഫലം പ്രസിദ്ധീകരിക്കുമെന്നും വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios