Asianet News MalayalamAsianet News Malayalam

അധ്യാപകർ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികളിൽ നിന്ന് മൊഴി എടുക്കുന്നു

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നുമാണ് മൊഴി എടുക്കുന്നത്

teachers correct exam papers of students, took statement from students
Author
Kozhikode, First Published May 14, 2019, 10:25 AM IST


കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും മൊഴി എടുക്കുന്നു. ഹയർ സെക്കൻഡറി ജോയിന്റ് , ഡെപ്യൂട്ടി ഡയറക്ടർമാർ സ്‌കൂളിൽ എത്തിയാണ് മൊഴിയെടുക്കുന്നത്. കുട്ടികളിൽ നിന്നാണ് ആദ്യം മൊഴിയെടുക്കുന്നത്. 

അതേ സമയം ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകർക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. അതിനിടെ, മുൻകൂർ ജാമ്യത്തിനായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ദിവസം സ്കൂളിൽ ഉണ്ടായിരുന്ന മറ്റ് അധ്യാപകരിൽ നിന്നും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് മൊഴിയെടുക്കും

പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂർ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധ്യാപകൻ അടക്കം സസ്‌പെൻഡ് ചെയ്യപ്പെട്ട മൂന്ന് പേർക്കെതിരെയും കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കന്‍ററി വകുപ്പ് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ മുക്കം പൊലീസ് സ്റ്റേഷനിൽ ഇന്ന് പരാതി നൽകിയിരുന്നു. റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണയാണ് മുക്കം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.

അധ്യാപകർ നേരത്തെയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയതായി സംശയമുണ്ട്. ഇക്കാര്യം കൂടി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയശതമാനം കൂട്ടാനാണ് നീലേശ്വരം സ്കൂളിലെ പ്രിൻസിപ്പാളും അധ്യാപകനും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ പരീക്ഷയിൽ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ സംശയം. ഉത്തരക്കടലാസുകൾ തിരുത്താനായി പ്രിൻസിപ്പാൾ കെ റസിയയും അധ്യാപകൻ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 

പരീക്ഷ കഴിഞ്ഞാൽ ഉച്ചയോടെ ഉത്തരക്കടലാസുകൾ സീൽ ചെയ്ത് മൂല്യനിർണ്ണയത്തിനായി അയക്കണം. ഗ്രാമീണ മേഖലയിലെ സ്കൂളുകൾക്ക് അടുത്ത ദിവസം രാവിലെ വരെ സമയം നൽകാറുണ്ട്. മാർച്ച് 21 ന് രാവിലെയാണ് പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകൾ ഒന്നുമില്ലായിരുന്നു. ഈ അവസരം മുതലെടുത്ത് അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകൾ മാറ്റി എഴുതുകയും 32 എണ്ണത്തിൽ തിരുത്തൽ വരുത്തുകയും ചെയ്തു. 

പരീക്ഷകേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന പ്രിൻസിപ്പാളും സഹചുമതലയുള്ള അധ്യാപകനും ഇതിന് കൂട്ടുനിന്നതായി വകുപ്പ് തല അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios