മലപ്പുറം: പിഎസ്‍സി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ കയറിയവര്‍ മാത്രമല്ല നിയമനത്തിന് അഡ്വൈസ് മെമ്മോ കിട്ടിയവരും ഇപ്പോഴും സര്‍ക്കാര്‍ ജോലിക്ക് പുറത്താണ്. അഡ്വൈസ് മെമ്മൊ നല്‍കി നൂറു ദിവസങ്ങള്‍ക്കകം നിയമനം നല്‍കണമെന്ന് ചട്ടമുണ്ടെങ്കിലും മലപ്പുറത്തെ അധ്യാപകര്‍ക്ക് ഇരുനൂറു ദിവസങ്ങളായിട്ടും നിയമനമായിട്ടില്ല.

തിരൂര്‍ സ്വദേശി സന്തോഷിന്   മലയാളം ഹൈസ്കൂള്‍ അധ്യാപകനായി നിയമനത്തിനുള്ള അഡ്വൈസ് മെമ്മൊ ലഭിച്ചത് ജനുവരി മുപ്പതിനാണ്. നാല്‍പ്പത്തിരണ്ടാം വയസില്‍ കിട്ടിയ  ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. വര്‍ഷങ്ങളായുള്ള അധ്വാനത്തിലൂടെ നേടിയ ജോലി പക്ഷെ  യാഥാര്‍ത്ഥ്യമാവാതെ നീണ്ടുപോവുകയാണ്.

സ്കൂള്‍ തുറന്ന് പഠനം പഴയതുപോലെയാവുമ്പോള്‍ മാത്രമേ ഇവര്‍ക്ക് നിയമനം നല്‍കാനാവുകയുള്ളൂവെന്നാണ് ജില്ലാ വിദ്യഭ്യാസ ഓഫീസറുടെ വിശദീകരണം. എന്ന് സ്കൂള്‍ തുറക്കുമെന്ന് വ്യക്തത വരാത്ത സാഹചര്യത്തില്‍ അതുവരെ ഇവരുടെ അര്‍ഹതപെട്ട നിയമനം നീട്ടികൊണ്ടുപോകുന്നത് ശരിയാണോയെന്ന ചോദ്യത്തോട് അതെനിക്കറിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മറുപടി. അ‍ഡ്വൈസ് മെമ്മൊ കിട്ടിയതോടെ സ്വകാര്യ സ്കൂളുകളിലെ ജോലി വിട്ടവരാണ് എല്ലാവരും. 

അധ്യായന വര്‍ഷത്തിനിടയില്‍ സ്കൂളില്‍ നിന്ന് ഇറങ്ങുന്നത് ആ സ്കൂളിലെ കുട്ടികളുടെ പഠനത്തെ ബാധിക്കരുതെന്ന നിര്‍ബന്ധത്തിലായിരുന്നു ഇത്. പക്ഷെ നിയമനം അനിശ്ചിതത്വത്തിലായതോടെ ഇവരെല്ലാം സാമ്പത്തികമായും മാനസികമായും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.