Asianet News MalayalamAsianet News Malayalam

സോഫ്റ്റ്‍വെയർ കയറ്റുമതിയില്‍ 13,255 കോടി രൂപയുടെ വരുമാനവുമായി ടെക്നോപാര്‍ക്ക്; കൈവരിച്ചത് 14 ശതമാനം വളർച്ച

കേരളത്തിലെ ഊര്‍ജസ്വലമായ ഐ.ടി ആവാസ വ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും കരുത്ത് തെളിയിക്കുന്നതാണ് പ്രകടനമെന്ന് ടെക്നോപാര്‍ക്ക് സിഇഒ പറഞ്ഞു

technopark earns revenue of 13255 cores in the last financial year recording 14 percentage growth
Author
First Published Aug 17, 2024, 2:32 PM IST | Last Updated Aug 17, 2024, 2:32 PM IST

തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‍വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ്‍വെയര്‍ കയറ്റുമതിയില്‍  ടെക്നോപാര്‍ക്കിന്‍റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐ.ടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും നല്‍കി വരുന്നു.

കേരളത്തിലെ ഊര്‍ജസ്വലമായ ഐ.ടി ആവാസ വ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും കരുത്ത് തെളിയിക്കുന്നതാണ് പ്രകടനമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും നിര്‍ണായക നേട്ടം കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാണ് ടെക്നോപാര്‍ക്കെന്നും സംസ്ഥാനത്തിന്‍റെ കരുത്താര്‍ന്ന ആവാസവ്യവസ്ഥയ്ക്ക് ഇത് പുത്തന്‍ ഉണര്‍വ് പകരുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ സാങ്കേതികവിദ്യ, ഫിന്‍ടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ്, തുടങ്ങി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന മേഖലകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ സാധ്യമാക്കുന്ന കമ്പനികളുടെ വികസനത്തിനായി ടെക്നോപാര്‍ക്ക് വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ് എന്നിവയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഈ വര്‍ഷം ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുകയും ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴി നിലവില്‍ വന്നത്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാര്‍ക്ക് മാറുമെന്നും അധികൃതർ അറിയിച്ചു. ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷം തന്നെ ടെക്നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios