തിരുവനന്തപുരം: രാജ്യം കൊവിഡ് 19 വൈറസ് ബാധ ഭീതിയില്‍ കഴിയുമ്പോള്‍ കേരളത്തിന്‍റെ മാര്‍ഗങ്ങള്‍ കണ്ടു പഠിക്കാന്‍ തെലങ്കാനയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി. രോഗബാധ പടരാതെ തടയാൻ വൈറസ് ബാധിതരെ കണ്ടെത്തി പ്രത്യേക പരിചരണം നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് സംഘം പ്രധാനമായും പഠിക്കുന്നത്. വൈകിട്ട് കൺട്രോൾ റൂം മീറ്റിംഗിൽ സംഘം പങ്കെടുക്കും. കേരളം സജ്ജീകരിച്ച ആലപ്പുഴയിലെ ഐസൊലേഷൻ വാർഡും തെലങ്കാന സംഘം സന്ദർശിക്കും. 12 ഡോക്ടര്‍മാരുടെ സംഘമാണ് കേരളത്തിലെത്തിയിരിക്കുന്നത്.

ഐസോലേഷൻ വാർഡ് സജ്ജമാക്കിയ ആശുപത്രിയും സന്ദർശിച്ച് ഡോക്ടർമാരും നഴ്സുമാരുമായും ചർച്ച നടത്തിയ ശേഷമാണ് സംഘം മടങ്ങുക. ഇന്ത്യയില്‍ ആദ്യം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. എന്നാല്‍, ആരോഗ്യ വകുപ്പിന്‍റെ കൃത്യമായ ഇടപെടല്‍ കൊണ്ട് വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നില്ല.

ഒപ്പം, വൈറസ് ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കാനും സാധിച്ചു. അതേസമയം, കൊവി‍ഡ് 19 ഭീതിയിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരളത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ട സാഹചര്യമില്ല.

കൊവിഡിന്‍റെ പേരിൽ അത്തരം കാര്യങ്ങൾ ഉണ്ടായാൽ പരിഭ്രാന്തി ഉണ്ടാകും. മുമ്പും ഇത്തരം സമീപനം സ്വീകരിച്ചിട്ടില്ല. ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിലും ഇതേ സമീപനമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍, വൈറസ് പടരുന്ന സാഹചര്യമുണ്ടായാൽ തടയാൻ ആൾക്കൂട്ടങ്ങളും ഉത്സവങ്ങളും നിയന്ത്രിക്കാനാണ് തെലങ്കാന ഒരുങ്ങുന്നത്.