തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും നിർദേശമുണ്ട്.
കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോടാണ് നിലവിൽ താപനിലയിലെ വർധനവിൽ മുന്നിൽ. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിൽ കൂടി.
സൂര്യാഘാതം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക
- പരമാവധി ശുദ്ധജലം കുടിക്കുക
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.
