'മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല, എന്താണ് നടന്നതെന്ന് അറിയില്ല': ക്ഷേത്രം തന്ത്രി
മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.

കണ്ണൂർ: മന്ത്രി കെ രാധാകൃഷ്ണൻ ക്ഷേത്രപരിപാടിയിൽ ജാതി വിവേചനം നേരിട്ടെന്ന പരാമർശത്തിൽ പ്രതികരണവുമായി കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
രണ്ടു കൂട്ടർക്കും വിഷമം ഉണ്ടായ സംഭവമാണ്. ഒരാളെ പഴി പറയാൻ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയിൽ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. 6 മാസം മുമ്പ് നടന്ന സംഭവം തന്നെ അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്ന് ഇല്ല, ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നുമായിരുന്നു ജാതിവിവേചന പരാമർശത്തിലുള്ള മന്ത്രിയുടെ പ്രതികരണം. കേരളത്തിൻ്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8