ഇടുക്കി: കനത്ത മഴയിൽ തകർന്ന ഇടുക്കി - മൂലമറ്റം - കോട്ടമല പാതയിൽ താത്കാലിക പാലം പുനസ്ഥാപിച്ചു. കാൽനടയാത്രക്കാ‍ർക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്ന് പോകാനാകും വിധമുള്ള ഇരുമ്പ് പാലമാണ് സ്ഥാപിച്ചത്. 

ഇതോടെ മേഖലയിലെ അഞ്ഞൂറിലധികം കുടുംബങ്ങളുടെ ഒരാഴ്ചയിലധികം നീണ്ട യാത്രാദുരിതത്തിന് താത്കാലിക വിരാമമായി. മൂലമറ്റത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ആശ്രമം ഭാഗത്തെ റോഡ് കനത്ത മഴയിൽ ഓഗസ്റ്റ് 9-നാണ് ഇടിഞ്ഞ് വീണത്. 

ഇതോടെ ആദിവാസികളടക്കമുള്ള ഈ ഭാഗത്തെ കുടുംബങ്ങൾ റോഡിനിപ്പുറം വരാനാകാതെ പ്രതിസന്ധിയിലായി. മുപ്പത് കിലോമീറ്ററിലധികം ചുറ്റിയാണ് സ്കൂളിലേക്കും ജോലിയ്ക്കുമൊക്കയായി ആളുകൾ മൂലമറ്റത്ത് എത്തിയിരുന്നത്.

അശാസ്ത്രീയമായി റോഡ് പണിത കരാറുകാർക്കും മേൽനോട്ടം വഹിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോസ്ഥർക്കും എതിരെ നടപടി എടുക്കുന്നതിനൊപ്പം വഴി എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.