മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തിൽ ഉൾപ്പെട്ട പാവുക്കര ശക്തമായ മഴ മൂലം രണ്ടാഴ്ചയായി വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു. വെള്ളമിറങ്ങിയ ശേഷം, മാവേലിക്കര ഗവ. ആശുപത്രി മോർച്ചറിയിൽ നിന്ന് 77 കാരിയുടെ മൃതദേഹം വീട്ടിലെത്തിച്ച് പാവുക്കരയിലെ ശ്മശാനത്തിൽ സംസ്കരിച്ചു.
മാന്നാർ: ശക്തമായ മഴയിൽ വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതോടെ സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പത്ത് ദിവസത്തിനു ശേഷം സംസ്കരിച്ചു. കഴിഞ്ഞ നാലിന് മരിച്ച പാവുക്കര ചാഴിയാരിൽ (മൂലയിൽ) പരേതനായ എം.എസ്. പ്രഭാകരന്റെ ഭാര്യ കൊച്ചുപെണ്ണ് (77)ന്റെ മൃതദേഹമാണ് വെള്ളപ്പൊക്കം മൂലം പത്ത് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തിൽ ഉൾപ്പെട്ട പാവുക്കര ശക്തമായ മഴ മൂലം രണ്ടാഴ്ചയായി വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു.
ഭൂരിപക്ഷം പ്രദേശവാസികളും ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. മാവേലിക്കര ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെയാണ് വീട്ടിലെത്തിച്ചത്. രാവിലെ 11 മണിയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പാവുക്കര പുലയർ കരയോഗം ശ്മശാനത്തിൽ സംസ്കരിച്ചു. ഓച്ചിറ മേമന ചിറയിൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് മൂലയിൽ (മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം), എം.പി പ്രമോദ്, എം.പി പ്രസാദ്, സി.പി പ്രവീൺ, സി.പി പ്രശാന്ത്. മരുമക്കൾ: ശുഭ പ്രകാശ് (കൊച്ചുമോൾ), സിന്ധു പ്രമോദ്, ഉഷസ് പ്രസാദ്, സന്ധ്യ പ്രവീൺ, സൂര്യ പ്രശാന്ത്.


