പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ (Neyyattinkara ) വീടുകളിടിയുന്നു. കനത്ത മഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം വെള്ളപ്പൊക്കമുണ്ടായ നെയ്യാറിന്‍റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം. പത്തിലധികം വീടുകള്‍ ഇടിയുകയും ചുമരുകള്‍ വിണ്ടുകീറുകയും ചെയ്തു. നിരവധി കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. 
നെയ്യാറ്റിന്‍കര കോടതിക്കടുത്ത് നെയ്യാറിന്‍റെ തീരത്തോട് ചേര്‍ന്ന താമസിക്കുന്ന ശിവകുമാറിന്‍റെ കുടുംബം ഉറക്കത്തിലായിരുന്നു. പുലര്‍ച്ചെ വലിയ ശബ്ദം കേട്ടതോടെ മക്കളെയും കൊണ്ട് പുറത്തേക്കോടി. വീടിന്‍റെ അസ്ഥിവാരം മണ്ണിടിച്ചിലിനോടൊപ്പം ഇളകിയിരിക്കുന്നു. ചുമരും വിണ്ടു കീറിയിട്ടുണ്ട്. 

ഇതുവരെ കിട്ടിയ വിവരമനുസരിച്ച് പത്ത് വീടുകള്‍ക്കാണ് കേടുപാടുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര പീരായുംമൂട്ടിലെ ക്രിസ്തുദാസ്, അജിത, ചെല്ലമ്മ, വസന്ത എന്നിവരുടെ വീടും ഇടിയാന്‍ തുടങ്ങി. നെയ്യാറിനോട് ചേര്‍ന്ന ഇടറോഡുകളും വ്യാപകമായി വിണ്ട് കീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു. 2018 ലെ പ്രളയത്തിന് സമാനമായി 200 ലധികം വീടുകളാണ് ഇത്തവണത്തെ മഴയിലും നെയ്യാര്‍ ഡാം തുറന്നതിനെയും തുടര്‍ന്ന് വെള്ളത്തിലായത്. ചില വീടുകളുടെ മേല്‍ക്കൂര വരെ മൂന്ന് ദിവസം വെള്ളം നിന്നു. മഴ കുറഞ്ഞ് ഡാം അടച്ച് വെള്ളമിറങ്ങിയതോടെ ഇളകിയ മണ്ണ് ഇടിഞ്ഞ് തുടങ്ങിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. 

സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്നലെ രാത്രിയിലും മഴ ഉണ്ടായി. എന്നാൽ പുലർച്ചയോടെ മഴയ്ക്ക് ശമനമുണ്ട്. ഇപ്പോൾ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ല. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ ദുരന്തം വിതച്ച കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. 

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

YouTube video player