Asianet News MalayalamAsianet News Malayalam

കൊവിഡ് ഭീതിയില്‍ അല്‍പം ആശ്വാസം: ഐസൊലേഷന്‍ വാര്‍ഡിലെ പത്ത് പേരുടെ ഫലം നെഗറ്റീവ്

സമ്പര്‍ക്ക പട്ടികയിലുണ്ടായിട്ടും വീട്ടിലിരിക്കാതെ പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി. 

Ten peoples in isolation ward found negative in covid 19 test
Author
Pathanamthitta, First Published Mar 11, 2020, 6:15 PM IST

പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 10 പേരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചു. പത്തും നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 24 പേരിൽ 10 പേർക്ക് വൈറസ് ബാധയില്ലെന്നാണ് പരിശോധനാ ഫലം വ്യക്തമാകുന്നത്. 2 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 30 പേരാണ് ഐസോലേഷൻ വാർഡുകളിൽ തുടരുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരില്‍ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇനി പതിനാല് പേരുടെ പരിശോധനഫലമാണ് ലഭിക്കാനുള്ളത്.

അതേസമയം രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക്  ഭക്ഷണവും വെള്ളവും എത്തിക്കാൻ   ജനപ്രതിനിധികളുടെ  യോഗത്തിൽ കലക്ടർ നിർദേശം നൽതി. 900 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും. അതേസമയം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അവഗണിച്ചാൽ  കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. 

സമ്പര്‍ക്ക പട്ടികയിലുണ്ടായിട്ടും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാതെ പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ  സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കലക്ട്രേറ്റിലെത്തിയ ആളെ ജില്ലാ കലക്ടർ പിബി നൂഹ് ശാസിച്ചു. നീരിക്ഷണത്തിലിരിക്കെ  കലട്രേറ്റിലെത്തിയ റാന്നിയിലെ പഞ്ചായത്ത് പ്രസിഡന്‍റിനെയാണ് കലക്ടർ ശാസിച്ചു പറഞ്ഞയച്ചു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങൾ ജില്ലയിലെത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വരുന്ന  ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ നിരീക്ഷണം കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതൽ ഐസലേഷൻ വാർഡുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. റാന്നിയിലെ മേനാംതോട്ടം ആശുപത്രി,  പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ തുറക്കുക. രോഗം  സ്ഥിരീകരിച്ച 7 പേർ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിയുന്ന 31 പേരുടേയും ആരോഗ്യ നിലവില്‍ തൃപ്തികരമാണ്. 

അതിനിടെ രോഗികളുടെ  റൂട്ട് മാപ്പ് തയ്യാറാക്കിയതിൽ പിഴവുകൾ  വന്നത് കല്ലുകടിയായി. റാന്നിയിൽ കയറിയ സൂപ്പർ മാർക്കറ്റിന്‍റെ പേരും രണ്ടാം ഘട്ടത്തിൽ രോഗം ബാധിച്ചവരെത്തിയ  ബേക്കറിയുടെ പേരുമാണ് തെറ്റായി രേഖപ്പെടുത്തിയത്.മിനി സൂപ്പർ ഷോപ്പിക്ക് പകരം  മുത്തൂറ്റ് മിനി സൂപ്പർ മാർക്കറ്റ് എന്നായിരുന്നു ചാർട്ടിലുണ്ടായിരുന്നത്. ജണ്ടായിക്കലിന് പകരം  ചെറുകുളങ്ങര ചെത്താനിക്കൽ  ബേക്കറി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

Follow Us:
Download App:
  • android
  • ios