തിരുവനന്തപുരം: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി മുതൽ പരിശോധന ശക്തമാക്കിയതായി സിറ്റി സ്പെഷൽ ബ്രാഞ്ച് അറിയിച്ചു. ബാലറ്റ് പെട്ടികൾ സൂക്ഷിച്ച വെള്ളിമാട്കുന്നിലെ സ്ട്രോങ് റൂമിലും പരിശോധന നടത്തും. അപരിചിതരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് കർണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലർന്ന ഭാഷയിലുള്ള സന്ദേശത്തിൽ കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നും ട്രെയിനുകളിലടക്കം സ്ഫോടനം നടത്തുമെന്നും അറിയിച്ചു. 

ഭീകരാക്രമണങ്ങൾക്കായി 19 പേർ തമിഴ്നാട്ടിലെ രാമനാഥപുരത്തേക്ക് കടന്നിട്ടുണ്ടെന്ന സന്ദേശം ഒരു ട്രക്ക് ഡ്രൈവറാണ് നൽകിയതെന്നും ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഭീഷണിയെത്തുടർന്ന്  നൈറ്റ് പട്രോളിംഗ് അടക്കമുള്ളവ ശക്തമാക്കിയതായി കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ചും അറിയിച്ചു. റെയിൽവേ സ്റ്റേഷനുകൾ കർശന നിരീക്ഷണത്തിലെന്നും പൊലീസ് അറിയിച്ചു. ആളുകൂടുന്ന ഇടങ്ങൾ, ആശുപത്രികൾ, ബസ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നും കർശന പരിശോധന തുടരും.

ഇതിനിടെ ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. 

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം.