പാറശ്ശാല: കളിയിക്കാവിളയിൽ കേരള - തമിഴ്‍നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദബന്ധമുള്ളവരെന്ന് പൊലീസ്. കേരളത്തിലോ തമിഴ്‍നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തേ തന്നെ ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ജാഗ്രതാ നിർദേശത്തിൽ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്പോസ്റ്റിൽ കയറി വെടിവച്ച് കൊന്നിരിക്കുന്നത്. സ്ഥിതി വിലയിരുത്താൻ തമിഴ്‍നാട് ഡിജിപി കേരളത്തിലെത്തിയിട്ടുണ്ട് എന്നതുതന്നെ വിഷയത്തിന്‍റെ ഗൗരവസ്ഥിതി വ്യക്തമാക്കുന്നതാണ്.

കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവർക്കായി സംസ്ഥാനമെമ്പാടും ഊർജിത തെരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാൻ നിർദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കൽ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്. 

വ്യക്തമായ ക്രിമിനൽ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവ‍ർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

തമിഴ്‍നാട് ഡിജിപി ജെ കെ ത്രിപാഠിയും കേരള ഡിജിപി ലോക്നാഥ് ബെഹ്റയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങൾ ഇരുവരും ചേർന്ന് വിലയിരുത്തി. തമിഴ്‍നാട് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബും യോഗത്തിൽ പങ്കെടുത്തിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്. 

''ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ഓപ്പറേഷണൽ കാര്യങ്ങളായതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല. കേരള - തമിഴ്‍നാട് പൊലീസ് സംയുക്തമായി നീങ്ങുകയാണ്'', ബെഹ്‍റ പറഞ്ഞു.

സംഭവിച്ചതെന്ത്?

ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. 

കളിയിക്കാവിള ചെക്ക് പോസ്റ്റ് ചുമതലയായിരുന്നു എസ്ഐയായിരുന്ന വിൽസണ് ഉണ്ടായിരുന്നത്. കേരള - തമിഴ്നാട് അതിർത്തിയിൽ തമിഴ്ഡനാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് വിൽസൺ. മണൽകടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‍നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്. തമിഴ്‍നാട്ടില്‍ തന്നെ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, ഷെമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്‍റലിജന്‍സ്  ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‍നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 

ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നോ കൃത്യമായ ലക്ഷ്യം എന്തായിരുന്നെന്നോ അടക്കമുള്ള വിവരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. 

അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെക്കുറിച്ച് ഇപ്പോള്‍ പൊലീസിന് സൂചനയുണ്ട്.ആസൂത്രിത നീക്കം തന്നെയാണ് പ്രതികൾ നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.