തൊടുപുഴ: കൊവിഡ് രോഗം സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവടക്കം ഇടുക്കിയിലെ രണ്ടു പേരുടെ പുതിയ പരിശോധന ഫലം നെ​ഗറ്റീവ്. നേരത്തെ മെഡിക്കൽ കോളേജിൽ നടത്തിയ തുട‍ർ പരിശോധനകളിൽ കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവിന്റേയും കുമാരനെല്ലൂർ സ്വദേശിയുടേയും രോ​ഗം ഭേദമായതായി വ്യക്തമായിരുന്നു. 

അന്തിവ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു നടത്തിയ പരിശോധനയുടെ ഫലം ഇന്നു പുറത്തു വന്നപ്പോൾ ഇരുവർക്കും കൊവിഡ് വൈറസ് നെ​ഗറ്റീവാണെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇരുവർക്കും ഇനി വീട്ടിലേക്ക് മടങ്ങാം. ഇവരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം തീരുമാനിക്കാനായി മെഡിക്കൽ ബോ‍ർഡ് ഉടനെ യോ​ഗം ചേരും. നെ​ഗറ്റീവ് റിസൽട്ട് വന്നു ആശുപത്രിയിലേക്ക് പോകുന്നവർ 28 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. 

അതേസമയം ഇന്നലെ ഇടുക്കിയിലെ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന്  തബ്‍ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ ആളാണ് കൊവിഡ് ബാധിതരിൽ ഒരാൾ.ബാക്കി നാല് പേരിൽ രണ്ട് പേ‍ർ കുട്ടികളാണ്. ഇവ‍ർ നാല് പേ‍ർക്കും പൊതുപ്രവ‍ർത്തകനിൽ നിന്നുള്ള സമ്പർക്കം വഴിയാണ് രോ​ഗം പിടിപ്പെട്ടത്.  

ദില്ലി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 58കാരനായ തൊടുപുഴ സ്വദേശിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്മേളനത്തിന് ശേഷം കഴിഞ്ഞ 23ന് ഇദ്ദേഹം തൊടുപുഴയിൽ തിരിച്ചെത്തി. കഴിഞ്ഞ തിങ്കളാഴ്ച മുൻകരുതൽ എന്ന നിലയിൽ ഇദ്ദേഹത്തെ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

‌ഇന്നു രോ​ഗം ഭേദമായതായി തെളിഞ്ഞ ഇടുക്കിയിലെ കോൺ​ഗ്രസ് നേതാവുമായുള്ള സമ്പർക്കം വഴി രോ​ഗബാധിതനാണ് ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്ന് പേ‍ർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ചെറുതോണി സ്വദേശിയുടെ 70 വയസുള്ള അമ്മ, 35 വയസുള്ള ഭാര്യ, പത്തു വയസുള്ള മകൻ എന്നിവ‍ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

നേതാവുമായി ഇടപഴകി കൊവിഡ് ബാധിച്ച ബൈസൺ വാലിയിലെ അധ്യാപികയുടെ ഏഴ് വയസുള്ള മകനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. നാലുപേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ആദ്യമായാണ് 10 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ്  ബാധിക്കുന്നത്. ജില്ലയിലാകെ 2,836 പേ‍ർ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇടുക്കിയിൽ ആകെ പത്ത് കൊവിഡ് രോ​ഗികളാണ് ഉള്ളത്. ഇതിൽ ഏഴ് പേ‍ർക്കും രാഷ്ട്രീയ നേതാവിൽ നിന്നാണ് രോ​ഗം പടർന്നത്. എന്നാൽ ഇപ്പോൾ രണ്ട് പേ‍ർ ആശുപത്രി വിടുന്നതോടെ രോ​ഗികളുടെ എണ്ണം എട്ടായി കുറയും.