തിരുവനന്തപുരം: ബാർ കോഴയില്‍ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി. ടി ജി മോഹന്‍ദാസ് ആഭ്യന്തര സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. മാണിക്ക് എതിരായ കേസ്‌ മുഖ്യമന്ത്രി അട്ടിമറിച്ചു എന്ന ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ ആണ് പരാതി. ബാര്‍കോഴക്കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും കെഎം മാണി പിണറായി വിജയനെ നേരിട്ട് കണ്ടതിന് ശേഷമാണ് അട്ടിമറി നടന്നതെന്നുമായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍.

അതേസമയം ബാ‍ർക്കോഴക്കേസിൽ രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണ്ണറുടെ അനുമതി വേണ്ടെന്നും സ്പീക്കറുടെ അനുമതി മാത്രം മതിയെന്നും സർക്കാരിന് നിയമോപദേശം. അന്വേഷണ അനുമതിയിൽ സ്പീക്കർ അടുത്തയാഴ്ച തീരുമാനമെടുക്കും. ബാർ ലൈസൻസ് കുറയ്ക്കാൻ കോഴ നൽകിയതായി ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. കെപിസിസി പ്രസിഡണ്ടും എംഎൽഎയുമായിരുന്നു അതിനാൽ ഗവർണ്ണറുടെ അനുമതി വേണ്ട, സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് ആഭ്യന്തരവകുപ്പിന് കിട്ടിയ നിയമോപദേശം.