കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് താഹയെ കോഴിക്കോട് പ്രിൻസിപ്പൽ ആന്‍റ് സെഷൻസ് കോടതി കസ്റ്റഡിയില്‍ വിട്ടത്. യുഎപിഎ കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിനെ ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പനിയും മൂത്രാശയ സംബന്ധ അസുഖവും ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാല്‍ താഹയെ ഇന്നലെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അലനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട കോടതി താഹയെ ഇന്ന് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

അലന്‍റെയും താഹയുടെയും  മവോയിസ്റ്റ് ബന്ധത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും അഞ്ചു ദിവസം കസ്റ്റിഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അന്വേഷണ സംഘത്തെകുറിച്ചോ ജയില്‍ അധികൃതരെകുറിച്ചോ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ജയിലില്‍ നിന്നും മാവോയിസ്റ്റുകളെന്ന് വിളിച്ച് വാര്‍ഡന്‍മാര്‍ അപമാനിക്കുന്നുവെന്നായിരുന്നു അലന്‍ ഇന്നലെ പ്രതികരിച്ചത്.