കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ വരവോടെ തുടക്കമായി. 'ഗ്രൗണ്ട് റിയാലിറ്റി' മനസിലാക്കി, വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർഥികളെ കണ്ടെത്തും

തിരുവനന്തപുരം: കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്തെത്തി. സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള 'ഗ്രൗണ്ട് റിയാലിറ്റി' നേരിട്ട് മനസ്സിലാക്കാനാണ് താൻ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കെ പി സി സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്ന അദ്ദേഹം, ഇതിന് ശേഷം മാത്രമേ സ്ഥാനാർഥി നിർണയത്തിനുള്ള കൃത്യമായ മാനദണ്ഡങ്ങളിൽ തീരുമാനമെടുക്കു എന്ന് അറിയിച്ചു. കേരളത്തിലെ സിറ്റിംഗ് എം പിമാർ വീണ്ടും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, ആർക്കും തന്നെ നേരിട്ട് കണ്ട് അഭിപ്രായങ്ങൾ അറിയിക്കാമെന്നും മിസ്ത്രി കൂട്ടിച്ചേർത്തു. മിസ്ത്രി എത്തിയതോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഔദ്യോഗിക തുടക്കമാകുകയാണ്.

സ്ഥാനാര്‍ഥി ചര്‍ച്ച ഇങ്ങനെ

എ ഐ സി സി സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾ പുരോഗമിക്കുക. ഗ്രൂപ്പ് വീതം വയ്പും, ഓരോ മണ്ഡലത്തിലെയും മൂന്ന് പേരുള്ള പട്ടികയിലുമാകും ആദ്യഘട്ട ചര്‍ച്ച. ഗ്രൂപ്പ് വീതം വയ്പോ, മത്സരിച്ചേ മതിയാകൂ എന്ന നേതാക്കളുടെ പിടിവാശിയോ അംഗീകരിക്കില്ലെന്ന സൂചനയാണ് സ്ക്രീനിംഗ് കമ്മിറ്റി നല്‍കുന്നത്. വയനാട്ടിലെ ലക്ഷ്യ ക്യാമ്പില്‍ നിന്ന് വലിയ ആവേശം ഉൾക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. കനഗോലുവിന്‍റേതടക്കം സര്‍വേ റിപ്പോര്‍ട്ടുകള്‍ എ ഐ സി സിയുടെ മുന്‍പിലുള്ളപ്പോള്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് ഹൈക്കമാൻഡിന്‍റെ നീക്കമെന്നാണ് വ്യക്തമാകുന്നത്.

കനഗോലുവിന്‍റെ സർവേ റിപ്പോർട്ടും ചർച്ചയാകും

ചര്‍ച്ചകള്‍ക്കായി സ്ക്രീനിംഗ് കമ്മിറ്റി തിരുവന്തപുരത്തെത്തുമ്പോൾ സ്ഥാനാർഥി ചർച്ചകൾ അതിവേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ രണ്ടോ മൂന്നോ ദിവസം സിറ്റിംഗ് നടക്കും. കെ പി സി സി തയ്യാറാക്കിയ പട്ടികയില്‍ എ ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരമാകും ചര്‍ച്ച. ഓരോ മണ്ഡലത്തിലും വിജയ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറാക്കാനാണ് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗ്രൂപ്പ് വീതം വയ്പ് പാടില്ല. വിജയ സാധ്യത മാത്രം മാനദണ്ഡമാകുമ്പോള്‍ മത്സരിച്ചേ മതിയാവൂയെന്ന നേതാക്കളുടെ പിടിവാശിയും പതിവ് പോലെ അംഗീകരിക്കില്ല. കനഗോലുവിന്‍റേതടക്കം സര്‍വേ റിപ്പോര്‍ട്ടുകള്‍ എ ഐ സി സിയുടെ മുന്‍പിലുള്ളപ്പോള്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് നീക്കം. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഇതുവരെയുള്ള നിലപാട്. പ്രതിപക്ഷ നേതാവിന്‍റെ കേരള യാത്ര അവസാനിക്കുമ്പോഴേക്കും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.