Asianet News MalayalamAsianet News Malayalam

'നിര്‍മാണം കേന്ദ്ര ഏജന്‍സി, വിമര്‍ശനം സംസ്ഥാനത്തിനും'; തലശേരിയിലെ പാലത്തിന്‍റെ തകര്‍ച്ചയില്‍ ജി സുധാകരന്‍

മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിർമാണത്തെപ്പറ്റിയും പ്രതിപക്ഷത്തിൻറെ ഉണ്ടയില്ലാ വെടികളാണ് കാണുന്നത് എന്നും ജി സുധാകരന്‍

thalassery mahe bypass bridge collapsed G Sudhakaran reaction
Author
Thiruvananthapuram, First Published Aug 30, 2020, 8:34 AM IST

തിരുവനന്തപുരം: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിലെ പാലം തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തലശ്ശേരി-മാഹി ബൈപ്പാസടക്കമുള്ള പ്രോജക്ടുകള്‍ കേന്ദ്ര സർക്കാരിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദേശീയ ഹൈവേ അതോറിറ്റി ആണ് നിർവ്വഹിച്ചു വരുന്നത്. ഭൂമി കണ്ടെത്തി നൽകുക എന്നതു മാത്രമാണ് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്വം. ധർമ്മടം പാലത്തിലുണ്ടായ ഗർഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൽ കെട്ടിവയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ദുരുദ്ദേശപരമാണ്. മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിർമാണത്തെപ്പറ്റിയും പ്രതിപക്ഷത്തിൻറെയും ഉണ്ടയില്ലാ വെടികളാണ് കാണുന്നത് എന്നും ജി സുധാകരന്‍ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി. 

ജി സുധാകരന്‍റെ എഫ്‌ബി പോസ്റ്റ്- പൂര്‍ണരൂപം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി-മാഹി ബൈപ്പാസിൽ ധർമ്മടം നദിയ്ക്ക് കുറുകെ പണിതു കൊണ്ടിരിക്കുന്ന പാലത്തിലെ 4 ഗർഡറുകൾ ഓഗസ്റ്റ് 26ന് വീണുപോയതിനെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ NHAl യുടെ കേരള മേധാവി ശ്രീ.ബി.ആർ മീണയ്ക്ക് അന്നു തന്നെ 373/ M(PWD & R) നമ്പർ കത്തിലൂടെ നിർദ്ദേശം നൽകിയിരുന്നു.

അതനുസരിച്ച് പ്രാഥമികമായി അദ്ദേഹം 27/8/2020 വൈകിട്ട് ഫോട്ടോഗ്രഫുകൾ സഹിതം സമർപ്പിച്ച റിപ്പോർട്ടിൽ കോൺക്രീറ്റ് ചെയ്ത് നിർത്തിയിരുന്ന 4 ഗർഡറുകളിൽ ഒന്നിന് വെള്ളത്തിൻ്റെ അടിത്തട്ടിൽ നിന്നും നൽകിയിരുന്ന സപ്പോർട്ട് (ഊന്നുകൾ) തെന്നിമാറിയതും അത് സമാന്തരമായി നിർമിച്ചിരുന്ന മറ്റ് ഗർഡറുകൾക്ക് മീതെ വീണതുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു.

നിർമ്മാണ സ്ഥലത്തെ NHAl യുടെ ടീം ലീഡർ ശ്രീ. പ്രകാശ് ജി ഗവാൻകർ കോഴിക്കോടുള്ള NHAl യുടെ പ്രോജക്ട് ഡയറക്ടർക്ക് അയച്ച കത്തിലും NHAl യുടെ കേരള മേധാവിയുടെ കണ്ടെത്തലുകൾ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Cast - Situ രീതിയിൽ നിർമ്മാണം നടക്കുന്ന ഈ ഗർഡറുകളുടെ വീഴ്ച സംബന്ധിച്ച് കൂടുതൽ പരിശോധനകളും അന്വഷണവും നടത്താൻ കേന്ദ്ര സർക്കാർ സ്ഥാപനമായ കോഴിക്കോട് NIT യെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് കിട്ടിയാലുടൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു കൊള്ളാമെന്നും NHAl സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇതു വരെ നടത്തിവന്ന നിർമ്മാണ ജോലികളുടെ വിവരങ്ങളും ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
1. 31.185 മീറ്ററുള്ള 21 സ്പാൻ NOSX
2 . 34.185 മീറ്ററുള്ള 3 സ്പാനുകൾ.
3 . 27.81 മീറ്ററുള്ള 2 സ്പാനുകൾ.
4. 45 മീറ്ററുള്ള 1 നാവിഗേഷണൽ സ്പാൻ
എന്നിവയാണ് നിർമ്മിക്കേണ്ടത് എന്ന് അറിയിച്ചിട്ടുണ്ട്.

1. പൈൽ ഫൗണ്ടേഷൻ്റെ LHS/RHS 54 നമ്പരുകൾ.
2. 27 സ്പാനകളുടെ സ്ലാബുകൾ.
3. നാവിഗേഷണൽ ഗർഡറുകൾ (LHS) പൂർത്തിയായത് 3 ഗർഡറുകൾ.
4. നാവിഗേഷണൽ സ്പാൻ പൂർത്തിയായത് (RHS) 4 ഗർഡറുകൾ.( ഇതാണ് വീണു പോയിട്ടുള്ളത്.)

2017 ഒക്ടോബർ 25 ന് EKK എന്ന കമ്പനിയുമായാണ് NHAl തലശ്ശേരി-മാഹി ബൈപ്പാസിൻറെ നിർമ്മാണ കരാറൊപ്പിട്ടിരിക്കുന്നത്. ദേശീയ പാത നാലുവരിയാക്കുന്നതിൻറെ ഭാഗമായാണ് 1200 കോടി രൂപ അടങ്കലിൽ 18.6 കി.മീ നീളത്തിൽ തലശ്ശേരി-മാഹി ബൈപ്പാസ് സ്റ്റാൻറ് എലോൺ പദ്ധതിയായി NHAI നിർമ്മിച്ചു വരുന്നത്. ഇതിനായി ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ മുൻകൈ എടുക്കുകയും PWD മന്ത്രി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ബഹു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുമായും ബഹു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിധിൻ ഗഡ്ഗരിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും 12 ലേറെ തവണ നടത്തിയ ചർച്ചകളുടെയും ഫലമായാണ് കേന്ദ്ര സർക്കാരിനു കീഴിലെ അതി ശക്തമായ പൊതു മേഖലാ സ്ഥാപനമായ NHAl യെ നിർമ്മാണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രത്യേക പദ്ധതികളായ നീലേശ്വരം റെയിൽവേ മേൽപ്പാലവും പാലൊളി - മൂരാട് പാലങ്ങളും കഴക്കൂട്ടത്ത് ഏറ്റവും ദൈർഘ്യമേറിയ മേൽപ്പാലവും NHAl നിർമ്മിച്ചു വരികയാണ്.

പൂർത്തിയായ കൊല്ലം ബൈപ്പാസും 2 മാസത്തിനുള്ളിൽ പൂർത്തിയാവുന്ന ആലപ്പുഴ ബൈപ്പാസും കേന്ദ്രവും സംസ്ഥാനവും 50:50 നിരക്കിൽ മുതൽ മുടക്കുള്ളതും നിർമ്മാണ ചുമതല നിർവ്വഹിക്കുന്നത് സംസ്ഥാന പൊതുമരാമത്ത് വകുപ്പുമാണ്.

എന്നാൽ ഇവയൊഴികെ തലശ്ശേരി-മാഹി ബൈപ്പാസടക്കം ബാക്കി എല്ലാ പ്രോജക്ടുകളും കേന്ദ്ര സർക്കാരിൻറെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള NHAl ആണ് നിർവ്വഹിച്ചു വരുന്നത്. ഡിസൈൻ, DPR, ടെണ്ടർ, അടങ്കൽ, കരാർ നിർവ്വഹണം, മേൽനോട്ടം, വീഴ്ചകളുടെ മേൽ നടപടികൾ സ്വീകരിയ്ക്കൽ തുടങ്ങിയവയ്ക്കെല്ലാം പൂർണ്ണാധികാരം NHAl യിൽ നിക്ഷിപ്തമാണ്. ഭൂമി കണ്ടെത്തി നൽകുക എന്നതു മാത്രമാണ് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്വം.

നിർമ്മാണവുമായി സംസ്ഥാന സർക്കാരിന് യാതൊരു ബന്ധമില്ല എന്നിരിക്കിലും തലശ്ശേരി - മാഹി ബൈപ്പാസിൽ നിട്ടൂരിനു സമീപം ധർമ്മടം പാലത്തിലുണ്ടായ ഗർഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൽ കെട്ടി വയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ദുരുദ്ദേശപരമാണ്. NHAl യുടെ ചുമതലയിലുള്ള പാലത്തിൽ നടന്ന അപകടത്തിനും ധർമ്മടത്തു നിന്നും ജനങ്ങളുടെ അംഗീകാരം വാങ്ങി വിജയിച്ച ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരും പൊതുമരാമത്ത് വകുപ്പുമാണെന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാണ്.

നദിയിൽ നിർമ്മിച്ചിരുന്ന ഭീമാകാരമായ അബെറ്റ്മെൻറുകൾക്ക് മുകളിൽ ശക്തമായ കോൺക്രീറ്റ് തൂണുകളിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പണി പൂർത്തിയായാൽ താങ്ങുകൾ എടുത്തു മാറ്റുമെന്നും പ്രാഥമികമായി ഇത് വാർപ്പിൻറെ അടിസ്ഥാന നിർമ്മാണത്തെ ബാധിക്കുന്നതല്ല എന്നും NHAl യ്ക്ക് വേണ്ടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ധർമ്മടം നദിക്ക് മുകളിലാണ് പാലമെന്നതിനാലും ധർമ്മടത്തെ ജനപ്രതിനിധി ബഹു.കേരള മുഖ്യമന്ത്രിയായതിനാലും അദ്ദേഹമാണ് ഉത്തരവാദി എന്ന നിലയിൽ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷം പ്രബുദ്ധ കേരളത്തിനു മുന്നിൽ മാത്രമല്ല സാമാന്യ ബോധമുള്ള ഭാരത സമൂഹത്തിന് മുൻപിലാകെയും അപഹാസ്യരാവുകയാണ്.

ഭരണഘടനാപരമായ നിരക്ഷരതയും സാങ്കേതികമായ നിരക്ഷരതയും പ്രകടിപ്പിക്കുക വഴി സമചിത്തത പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടുവെന്ന് മലയാളികളെകൊണ്ട് പറയിപ്പിക്കുന്ന തരത്തിലാണ് ബഹു. മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിർമാണത്തെപ്പറ്റിയും പ്രതിപക്ഷത്തിൻറെയും ഉണ്ടയില്ലാ വെടികൾ.

തലശ്ശേരി ബൈപ്പാസിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; വിശദീകരണം തേടി പൊതുമരാമത്ത് മന്ത്രി

Follow Us:
Download App:
  • android
  • ios