തലശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന്റെ കൂറ്റൻ ഭീമുകൾ തകർന്നുവീണു. പുഴയ്ക്ക് കുറുകെ നിട്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ  നാല് ബീമുകളാണ് നിലം പൊത്തിയത്. അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടി.

തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിലാണ് അപകടം സംഭവിച്ചത്. നെട്ടൂരിലെ പാലത്തിന്റെ നിർമ്മാണത്തിനിടെ ഭീമുകളിൽ ഒന്ന് ചെരിഞ്ഞപ്പോൾ പരസ്പരം ഘടിപ്പിക്കാത്തതിനാൽ ബാക്കിയുള്ളവയും പുഴയിലേക്ക് പതിക്കുകയായിരുന്നു. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർമ്മാതാക്കൾ. അപകടത്തിൽ ദേശീയ പാത അതോറിറ്റിയോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വിശദീകരണം തേടിയിട്ടുണ്ട്. 

കണ്ണൂരിലെ മുഴപ്പിലങ്ങാട് നിന്നാരംഭിക്കുന്ന ബൈപ്പാസ്  ധർമ്മടം, എരിഞ്ഞോളി,കോടിയേരി, ചൊക്ലി വഴി കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കും. 18 കിലോമീറ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ നിർമ്മാണച്ചെലവ് 1000 കോടിക്ക് മുകളിലാണ്. അടുത്ത വർഷം മെയ് മാസം കമ്മീഷൻ ചെയ്യാമെന്ന പ്രതീക്കക്ഷയിൽ പണി പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്.