മലപ്പുറം: താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കൂടിക്കാഴ്ച്ച നടത്തി. ക്രിസ്മസ് ആഘോഷത്തിനായി മലപ്പുറത്തെത്തിയ ബിഷപ്പിനെ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടി കണ്ടത്. ക്രിസ്തുമസ് ദിവസം മലപ്പുറത്തെ പള്ളിയിലെത്തി ആഘോഷങ്ങളില്‍ പങ്കുചേരുന്നത് പികെ കുഞ്ഞാലിക്കുട്ടിയുടെ വര്‍ഷങ്ങളായുള്ള പതിവാണ്.

പള്ളിയിലെത്തിയ താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച്ചക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ പക്ഷേ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കനത്ത തിരിച്ചടിക്ക് പ്രധാനപെട്ട ഒരു കാരണം ക്രിസ്ത്യൻ വിഭാഗം കൈവിട്ടതാണ്. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് നേതൃത്വം സഭാ നേതാക്കുമായി അടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗത്തിന്‍റെ ഫണ്ട് മുസ്ലീം ലീഗിന്‍റെ സ്വാധീനത്തില്‍ കൂടുതലായി മുസ്ലിം വിഭാഗം കൈയ്യടക്കുന്നുവെന്നതടക്കം നിരവധി പരാതികള്‍ ക്രിസ്റ്റ്യൻ മത നേതാക്കള്‍ക്ക് യുഡിഎഫിനോടുണ്ട്. 

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയാക്കിയതിനെ അനുകൂലിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലേഖനമെഴുതിയതിലും ക്രിസ്റ്റ്യൻ വിഭാഗത്തിന് വലിയ പ്രതിഷേധമുണ്ട്. കുഞ്ഞാലിക്കുട്ടിയോടൊപ്പം ചര്‍ച്ചിലെത്തിയ സാദിഖലി തങ്ങളും കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടന്നില്ല. ക്രിസ്തുമസ് ആഘോഷങ്ങളില്‍ ബിഷപ്പിനാപ്പം പങ്കെടുക്കാനും ആശംസ കൈമാറാനുമാണ് അദ്ദേഹം ശ്രദ്ധിച്ചത്.
താമശ്ശേരിയിലെത്തി ബിഷപ്പിനെ വീണ്ടും കണാമെന്ന് അറിയിച്ചാണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്.