സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിലൂടെ അനുസ്മരിച്ചു. 

തിരുവനന്തപുരം : യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അദ്ദേഹത്തിന്റെ ജീവിതം തന്നെ സന്ദേശമാണ്. ലോകത്ത് യുദ്ധ ധ്വനി മുഴങ്ങിയപ്പോൾ അതിർത്തികൾ തുറന്നിടൂവെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ മാനവ സ്നേഹത്തിന്റെ വലിയ സന്ദേശം നൽകി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് ഏഷ്യാനെറ്റ് ന്യൂസിലൂടെ അനുസ്മരിച്ചു. 

മനുഷ്യനെന്ന നിലയിലെ അദ്ദേഹം കാണിച്ച മാതൃക എല്ലാകാലവും പിന്തുടരപ്പെടേണ്ടതാണ്. എല്ലാവരോടും അദ്ദേഹത്തിന് സ്നേഹമാണ്. അനീതിക്കും അക്രമങ്ങൾക്കും എതിരെ ശബ്ദമുയർത്തിയതിന് വലിയ തോതിൽ എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എല്ലാവരും സമൻമാരാണെന്ന് അദ്ദേഹം വിശ്വസിച്ചു. അവിടെ ജാതിയില്ല മതമില്ല. സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ട അദ്ദേഹം, സുപ്രധാന ഉത്തരവാദിത്തങ്ങളിൽ സ്ത്രീകളെയും ഉൾപ്പെടുത്തി. അസുഖബാധിതനായിരുന്നുവെങ്കിലും ലോകത്ത് മുഴുവൻ ഈസ്റ്റർ ദിനത്തിൽ ആശീർവാദം നൽകി ഇന്ന് മാർപ്പാപ്പ വിട പറഞ്ഞുവെന്നത് അപ്രതീക്ഷിതമാണെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ പാത പിന്തുടരുക അത്രയെളുപ്പമല്ലെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു. 
ഏറെ നാളുകൾക്ക് ശേഷം ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്ക് മുന്നിൽ; അവസാന സന്ദേശത്തിലും ഗാസയിലെ സമാധാനത്തിന് ആഹ്വാനം

വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ. 88 വയസായിരുന്നു. 11 വർഷം ആഗോള കത്തോലിക്കാ സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 -മത്തെ മാർപ്പാപ്പയാണ് വിശ്വാസികളെയാകെ വേദനയിലാഴ്ത്തി വിടവാങ്ങിയത്.