മുഹമ്മദ് ഷാഫിയെ മോചിപ്പിക്കാനായി കൊട്ടേഷൻ സംഘം ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

കോഴിക്കോട്: താമരശ്ശേരി തട്ടിക്കൊണ്ടുപോകൽ കേസിലെ കൊട്ടേഷൻ സംഘത്തിലെ ചിലർ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം. തട്ടിക്കൊണ്ടു പോകൽ ആസൂത്രണ ഘട്ടത്തിലും തട്ടിക്കൊണ്ട് പോയ ശേഷവും വിദേശത്തേക്ക് കടന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. മുഹമ്മദ് ഷാഫിയെ മോചിപ്പിക്കാനായി കൊട്ടേഷൻ സംഘം ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ദുരൂഹത തുടരുന്ന പശ്ചാത്തലത്തിലാണിത്.

ഈ മാസം ഏഴിനാണ് താമരശേരി പരപ്പൻപൊയിലിലെ വീട്ടിൽ നിന്ന് ഷാഫിയെ ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടു പോയത്. ഏപ്രിൽ 17 ന് ഉച്ചയോടെയാണ് ഷാഫി തിരികെയെത്തിയത്. കർണാടകത്തിൽ ക്വട്ടേഷൻ സംഘത്തിൻറെ തടവിലായിരുന്ന ഷാഫിയെ അവർ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൈസൂരിൽ നിന്ന് ബസ് കയറി മുഹമ്മദ് ഷാഫി കോഴിക്കോട്ടേക്ക് എത്തി. ഇതിനിടെ തന്നെ മോചിപ്പിച്ച കാര്യം ഷാഫി ബന്ധുക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തു. സംസ്ഥാന ബന്ധമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമാണ് ഷാഫിയെ കടത്തിക്കൊണ്ടുപോയത്. 

സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ഷാഫിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉൾപ്പടെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഷാഫി നേരത്തെ ഇറക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഷാഫിയുടെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തിയത് നിർണായകമായെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തുടർന്ന് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് ആസൂത്രണത്തിൽ കൃത്യമായ പങ്കുണ്ട്. യഥാർത്ഥ പ്രതികളിലേക്ക് പോലീസ് എത്തുമെന്നറിഞ്ഞ പ്രതികൾ ഷാഫിയെ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.