കോഴിക്കോട് താമരശേരിയിൽ ബ്രെയിൻ ട്യൂമർ രോഗിയായ അമ്മയെ മയക്കുമരുന്നിന് അടിമയായ ഏകമകൻ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. കൊലയാളിയായ ഏകമകൻ 25 വയസുള്ള ആഷിഖിനെ തെരച്ചിലിനൊടുവിൽ വീട്ടിനകത്ത് നിന്ന് പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞ് സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചോയിയോടുള്ള വീട്ടിൽ വെച്ചാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ട്യൂമ‍ർ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളർന്നിരുന്നു. ഇന്ന് ബെംഗളൂരുവിൽ നിന്ന് ഉമ്മയെ കാണാനെത്തിയ മകൻ, അയൽവീട്ടിൽ നിന്നും തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്. ഈ സമയത്ത് ഷക്കീലയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം പ്രതി വീടിനുള്ളിൽ തന്നെ ഒളിച്ചിരുന്നു. പ്രതി രക്ഷപ്പെട്ടെന്ന് കരുതി തിരച്ചിൽ തുടങ്ങിയെങ്കിലും പോയ വഴി കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാർ വീടിനുള്ളിലും പരിശോധിച്ചു. ഇതിലാണ് പ്രതിയെ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.