Asianet News MalayalamAsianet News Malayalam

നന്ദി മോദിജി, ഇതൊരു നല്ല തീരുമാനമാണ്; വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ദുരന്ത സ്ഥലം കണ്ടാൽ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു എന്നും രാഹുൽ എക്സിൽ കുറിച്ചു.

Thank you Modiji this is a good decision Rahul Gandhi thanked om modi for visiting Wayanad
Author
First Published Aug 10, 2024, 4:00 AM IST | Last Updated Aug 10, 2024, 4:00 AM IST

ദില്ലി: നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് ഈ മഹാ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു എന്നും രാഹുൽ എക്സിൽ കുറിച്ചു.

അതേസമയം,  ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും.

അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്ന് (ശനിയാഴ്ച) തെരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചില്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios