കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ ഇന്ന് കോഴിക്കോടെത്തി സമസ്ത എപി വിഭാ​ഗം നേതാവ് കാന്തപുരം അബൂബ‍ക്ക‍ർ മുസ്ലല്യാരുമായി കൂടിക്കാഴ്ച നടത്തി. 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സമുദായനേതാക്കളുമായുള്ള യുഡിഎഫ് - കോൺ​ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച തുടരുന്നു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ ഇന്ന് കോഴിക്കോടെത്തി സമസ്ത എപി വിഭാ​ഗം നേതാവ് കാന്തപുരം അബൂബ‍ക്ക‍ർ മുസ്ലല്യാരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപരമായി എൽഡിഎഫിന് പിന്തുണ നൽകുന്നവരാണ് എപി വിഭാ​ഗം. കാന്തപുരവും പിണറായി വിജയനും തമ്മിൽ വ്യക്തിപരമായും അടുത്ത ബന്ധമാണുള്ളത്. 

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിയമിതനായതിന് പിന്നാലെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചേ‍‍ർന്ന് കേരളത്തിലെ പ്രധാന സമുദായ നേതാക്കളെയെല്ലാം സന്ദ‍ർശിച്ചിരുന്നു. എസ്എൻഡ‍ിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാ‍ർ എന്നിവരെയെല്ലാം ഇരുവരും ഒരുമിച്ചു പോയി കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഭാ​ഗമായും വിവിധ ജില്ലകളിലെ മതമേലധ്യക്ഷൻമാരുമായി യുഡിഎഫ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.