വിശ്വാസികളുടെ വികാരം മാര്‍പ്പാപ്പ ഉള്‍ക്കൊള്ളും എന്നാണ് വിശ്വാസമെന്നും അതിരൂപത വ്യക്തമാക്കി.
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ (Angamaly Archdiocese of Ernakulam) ജനാഭിമുഖ കുർബാന തുടരണമെന്ന് ഒരു വിഭാഗം വൈദികർ. സിനഡ് തീരുമാനം നടപ്പാക്കാനുള്ള മാർപ്പാപ്പയുടെ കത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഈസ്റ്ററിന് മുന്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണമെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത് വന്ന പശ്ചാത്തലത്തിലാണ് വൈദികർ അടിയന്തരമായി യോഗം ചേർന്നത്. മാർപ്പാപ്പയുടേത് കൽപ്പനയല്ല നിർദ്ദേശമാണെന്നും ജനാഭിമുഖ കുർബാനതന്നെയാണ് അഭികാമ്യമെന്നത് വീണ്ടും മാർപ്പപ്പയെ ബോധ്യപ്പെടുത്തുമെന്നും യോഗശേഷം വൈദികർ പറഞ്ഞു.
ഭൂമി വിൽപ്പന കർദ്ദിനാളിന് സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടി മൂടിവെക്കാനാണ് കുർബാന വിവാദം ഉയർത്തുന്നതെന്നും വൈദികർ പ്രതികരിച്ചു. എന്നാൽ മാർപ്പാപ്പയുടെ കത്ത് നടപ്പാക്കുകയാണ് വൈദികർ ചെയ്യേണ്ടതെന്ന് കർദ്ദിനാൾ അനുകൂലികളും വ്യക്തമാക്കി. ഈസ്റ്ററിന് മുൻപ് മാർപ്പാപ്പയുടെ കത്തിൽ കൂടുതൽ ചർച്ചകൾക്കായി വൈദികർ യോഗം ചേരും. തുടർന്നായിരിക്കും ഭാവി പരിപാടികൾ നിശ്ചയിക്കുക.
1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
