കൃത്യമായ തെളിവ് കിട്ടിയ ശേഷമേ അറസ്റ്റ് ചെയ്യു എന്നാണ് പൊലീസ് നിലപാട്. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്.
കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ സി ഐ സുനുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച് പൊലീസ്. തെളിവ് കിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് സി ഐ സുനു ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. സി ഐ സുനുവിനോട് നാളെ തൃക്കാക്കര അസി കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിർദേശം. കേസിൽ ആർക്കെതിരെയും തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് 22 കാരിയായ യുവതിയുടെ പരാതി.
സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ വ്യക്തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പുതല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു.
