ക്യാമറ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. 

തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദം ചർച്ച ചെയ്യാതെ സിപിഎം. ക്യാമറ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായില്ല. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒന്നും വിശദീകരിച്ചില്ല. റോഡിലെ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും യോഗം ചേരും. 

ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ ആരോപണം എത്തിയിട്ടും മുഖ്യമന്ത്രിയോ പാർട്ടിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടി യോഗം ചർച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നുമാണ് മുതിർന്ന നേതാക്കളുടെ പ്രതികരണം. വിവാദത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി ഇന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും വിഷയത്തെക്കുറിച്ച് പരാമർശമുണ്ടായില്ല. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിംഗും ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമാണ് ഔദ്യോഗിക അജണ്ട.

മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; എഐ ക്യാമറ വിവാദത്തില്‍ ഇന്നും മറുപടിയില്ല

റോഡിലെ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി രാജീവ് രം​ഗത്തെത്തിയിരുന്നു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശിച്ച പി രാജീവ്, ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരണം നല്‍കാമെന്നും രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

റോ‍ഡിലെ കാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി ചോദിച്ചു. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണ് ഉള്ളത്. പുറത്ത് വന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. പ്രകാശ് ബാബുവിന്‍റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പ്രസാഡിയോ പണം നൽകാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്ത് വന്നതെന്നും മന്ത്രി പരിഹസിച്ചു. ഈ ബന്ധം വച്ച് മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും പി രാജീവ് തിരുവനന്തപുരത്ത് ചോദിച്ചു. സൂം മീറ്റിംഗില്‍ പങ്കെടുത്തതിന് രേഖയുണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം'; പി രാജീവ്

Asianet News Malayalam Live News | Asianet News Live | Malayalam Live News | Kerala Live TV News