ഏഷ്യാനെറ്റ് ന്യൂസിലെ വാർത്ത വന്നത് മുതൽ ആളുകൾ സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നെന്നും ലോൺ ഉടൻ അടക്കാനാകും എന്ന് പ്രതീക്ഷ ഉണ്ടെന്നും സലീന

മലപ്പുറം: മലപ്പുറം എടക്കരയിൽ വീട് ജപ്തി ചെയ്ത സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയെ തുടർന്ന് വീട്ടിൽ താമസം അനുവദിച്ചതിൽ സന്തോഷമെന്ന് സലീന. നേരത്തെ ജപ്തി ചെയ്ത വീടിന്റെ താക്കോൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയെ തുടർന്ന് നിലമ്പൂർ സഹകരണ അർബൻ ബാങ്ക് സലീനയ്ക്ക് കൈമാറിയിരുന്നു. വാർത്ത വന്നത് മുതൽ ആളുകൾ സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ടെന്നും ലോൺ ഉടൻ അടക്കാനാകും എന്ന് പ്രതീക്ഷ ഉണ്ടെന്നും സലീന പറഞ്ഞു. ജപ്തിയെ തുടര്‍ന്ന് വീടിന്റെ വരാന്തയിലായിരുന്നു തന്റെ ആറ് വയസുകാരനായ മകനുമൊത്ത് സലീന കഴിഞ്ഞിരുന്നത്. 

മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്. ചെറുപ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ച് പോയത് മുതൽ സലീന രണ്ട് പെൺമക്കളുമായി ജീവിതപ്പോരാട്ടം തുടങ്ങിയതാണ്. കുഞ്ഞുങ്ങളെ വളർത്താൻ ഗൾഫിൽ പോയി ഏറെക്കാലം അധ്വാനിച്ചാണ് 12 സെന്റ് ഭൂമിയിൽ ചെറിയൊരു വീട് സലീന യാഥാർത്യമാക്കിയത്. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയക്കാൻ മറ്റ് വഴിയില്ലാതായതോടെയാണ് സലീന 4 ലക്ഷം രൂപ ലോൺ എടുത്തത്. 

Read More: ജപ്തിയിൽ ഇടപെട്ട് നിലമ്പൂർ സഹകരണ അർബൻ ബാങ്ക്; സലീനയ്ക്ക് വീടിൻ്റെ താക്കോൽ കൈമാറി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

കൂലിപ്പണി ചെയ്തും കോഴികളെ വളർത്തിയുമായിരുന്നു സലീന ലോൺ തുക തിരികെ അടച്ചിരുന്നത്. എന്നാൽ ഇതിനിടെ സലീനയ്ക്ക് പരിക്കേറ്റു. അതിന്ശേഷം പലിശ കയറി ലോൺ തുക 9 ലക്ഷത്തിന് മുകളിലായി. ബാങ്ക് പിഴപ്പലിശ ഒഴിവാക്കിയെങ്കിലും വീട് വിറ്റ് കടം വീട്ടാൻ സെലീനയ്ക്കായില്ല. വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് താമസം വരാന്തയിലായതിനാൽ കുട്ടിയെ സ്കൂളിൽ അയക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ഈ കുടുംബം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്